കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ബ്ലൈൻഡ് കേസാണെന്ന് എഡിജിപി എം ആർ അജിത് കുമാർ. മാദ്ധ്യമങ്ങളുടെ നിരന്തര സമ്മർദം ഉണ്ടായിട്ടും അതിലൊന്നും വീഴാതെ പൊലീസ് ഉദ്യോഗസ്ഥർ കേസ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘ആദ്യ ദിവസം തന്നെ ലഭിച്ച സുപ്രധാന തെളിവാണ് കേസ് തെളിയിക്കാൻ സഹായിച്ചത്. പ്രതി സമീപപ്രദേശത്തുള്ള ആളാണെന്നും മനസിലായി. സൈബർ തെളിവുകൾ, നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളും ക്രോഡീകരിച്ചാണ് 96 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ചത്. ഇത് ബ്ലൈൻഡായിട്ടുള്ള കേസായിരുന്നു. മാദ്ധ്യമങ്ങളിൽ പലരും ശ്രമിച്ചിട്ടും ഒരു തെളിവുപോലും കണ്ടെത്താൻ സാധിക്കാത്തതും അതുകൊണ്ടാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് തട്ടിക്കൊണ്ടുപോയത്. അതുകൊണ്ട് തന്നെ വളരെ സാവധാനത്തിൽ അന്വേഷിച്ചാൽ മാത്രമേ ഇത് കണ്ടെത്താനാകൂ. മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്നും നിരന്തരമായി അനാവശ്യ പ്രഷർ ഉണ്ടായെങ്കിലും അതിൽ വീഴാതെ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഫലമാണ് ഇപ്പോൾ കേസ് തെളിയിക്കാനായത്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു.’- എഡിജിപി പറഞ്ഞു.
‘കൊവിഡിന് ശേഷം പ്രതികൾക്ക് കടുത്ത സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വളരെയധികം കടമുണ്ടായിരുന്നു. ഒരുവർഷമായി എങ്ങനെ പൈസയുണ്ടാക്കാമെന്ന പദ്ധതിയിലായിരുന്നു ഇവർ. ഇതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം ചെയ്തതെന്നാണ് പത്മകുമാർ പറഞ്ഞത്. ആദ്യത്തെ നമ്പർ പ്ലേറ്റ് ഒരുവർഷം മുമ്പാണ് ഉണ്ടാക്കിയത്. രണ്ടാമത്തെ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് അടുത്തകാലത്താണ്. ഇടയ്ക്ക് വച്ച് പദ്ധതി നിർത്തിവച്ചു. പിന്നീട് വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. സ്ഥിരമായി കാറുമെടുത്ത് പല സ്ഥലങ്ങളിലും പോയി തട്ടിയെടുക്കാൻ സൗകര്യമുള്ള കുട്ടികളെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഹാൻഡിൽ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഒരു കുട്ടിയെയായിരുന്നു അവർക്ക് ആവശ്യം. കുട്ടിയുടെ സഹോദരൻ ജോനാഥാൻ അദ്ദേഹമൊരു വലിയ ഹീറോയാണ്. കുട്ടി നന്നായി പോരാടി. പരമാവധി തടയാൻ ശ്രമിച്ചു. പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു അത്.’ – എഡിജിപി കൂട്ടിച്ചേർത്തു
കൊല്ലം ചാത്തന്നൂർ സ്വദേശികളായ കെ ആർ പത്മകുമാർ (52 ), ഭാര്യ എം ആർ അനിതകുമാരി (45), മകൾ അനുപമ(20) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ എആർ ക്യാമ്പിൽ നിന്ന് പൂയപ്പള്ളി സ്റ്റേഷനിലേയ്‌ക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തിനുള്ളിൽ പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. പത്മകുമാറും ഭാര്യയും ചേർന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മകളും പിന്നീട് ഇവർക്കൊപ്പം ചേർന്നു. മകൾക്ക് യൂട്യൂബ് വഴിയുള്ള വരുമാനം കുറഞ്ഞതിനാലാണ് മാതാപിതാക്കൾക്കൊപ്പം ചേർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു