നടനും അവതാരകനുമായ മിഥുൻ രമേശ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്. മിനി സ്ക്രീനിലും വെള്ളിത്തിരയിലും നിറഞ്ഞു നിൽക്കുന്ന മിഥുൻ അടുത്തിടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുഖത്തിന് താത്ക്കാലികമായി കോടൽ ഉണ്ടാകുന്ന ബെൽസ് പാൾസി (Bells Palsy) എന്ന രോഗത്തിനാണ് മിഥുൻ ചികിത്സ തേടിയത്. ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞുപോകുന്ന അവസ്ഥയാണുള്ളതെന്നും വീഡിയോ പങ്കുവെച്ച് മിഥുൻ പറഞ്ഞിരുന്നു. പിന്നാലെ രോഗം പൂർണ്ണമായും ഭേദമാവുകയും ചെയ്തു. ഇപ്പോഴിതാ മിഥുന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രോഗശാന്തിയ്ക്ക് തിരുപ്പതിയിൽ പോയി മൊട്ടയടിച്ച ഭാര്യ ലക്ഷ്മിയെ കുറിച്ചുള്ളതാണ് പോസ്റ്റ്.
മിഥുൻ രമേശിന്റെ കുറിപ്പ് ഇങ്ങനെ
‘മൊട്ടൈ ബോസ് ലക്ഷ്മി. എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു; ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി. ഇതിൽ കൂടുതൽ ഞാൻ എന്ത് ചോദിക്കാൻ? സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും ഈ ആശ്ചര്യകരമായ പ്രവർത്തിക്ക് നന്ദി. സ്നേഹവും പോസിറ്റിവിറ്റും കൊണ്ടുള്ള രോഗശാന്തിയിൽ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുക ആണ്’ മിഥുൻ രമേശ് കുറിക്കുന്നു.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുൻ അഡ്മിറ്റായത്. മിഥുൻ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ തന്റെ രോഗവിവരം അറിയിച്ച് എത്തിയത്. മുഖത്തിന് താത്ക്കാലികമായി കോടൽ ഉണ്ടാകുന്ന രോഗമാണ് ബെൽസ് പാൾസി. കോവിഡ് മുക്തി നേടിയവരിൽ ഈ രോഗം കണ്ടുവരുന്നുണ്ടെന്ന് ഡോക്ടർമാർ നേരത്തെ തന്നെ അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു