തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് സംവിധാനം ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകള്‍ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈല്‍ ഫോണ്‍ ബന്ധിപ്പിച്ച് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുതെന്ന് പൊലീസ് അറിയിച്ചു.
നിരന്തരമായ ബോധവല്‍ക്കരണത്തിനുശേഷവും ഓണ്‍ലൈന്‍ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കൂടുകയാണെന്ന് കേരളാ പൊലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എസ്എംഎസ് ആയോ ഇ-മെയിലിലൂടെയോ വാട്സ്ആപ്, മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ വഴിയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്ക് ഒരു കാരണവശാലും മറുപടി നല്‍കാനോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാനോ പാടില്ല.
പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് ഒരിക്കലും പ്രതികരിക്കരുത്. ബാങ്കുകള്‍ ഒരിക്കലും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങളില്‍ ഏതെങ്കിലും ഫിഷിംഗ് സൈറ്റിലേയ്ക്ക് നയിക്കുന്ന ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും. ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതുവഴി വ്യക്തിഗത വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
‘ ഒരു മണിക്കൂറിനകം വിവരം 1930ല്‍ അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാന്‍ എളുപ്പത്തില്‍ കഴിയുമെന്നും പൊലീസ് അറിയിച്ചു. ‘ഇത്തരത്തില്‍ ഓണലൈന്‍ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റര്‍ ചെയ്യാം.” പൊതു ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമല്ലാത്ത ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ അക്കൗണ്ടുകള്‍ എടുക്കുകയോ പണമിടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്ന് പൊലീസ് നിര്‍ദേശിച്ചു.’പാസ്വേഡും യു.പി.ഐ ഐഡിയും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പബ്ലിക് വൈ ഫൈ മുഖേന ചോരാന്‍ സാധ്യതയേറെയാണ്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകള്‍, ഫോട്ടോകള്‍, ഫോണ്‍ നമ്പരുകള്‍, ലോഗിന്‍ വിവരങ്ങള്‍ എന്നിവയും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് ഇതിലൂടെ കഴിയും.’
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു