തിരുവനന്തപുരം: വിവിധ വ്യവസായ മേഖലകളിലെ സഹകരണ സാധ്യതകള്‍ തേടി ടെക്‌നോപാര്‍ക്കില്‍ ചര്‍ച്ചയുമായി വിയറ്റ്‌നാം സംഘം. ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, യൂട്ടിലിറ്റി മാനേജ്‌മെന്റ്, വൈദ്യുതിയുടെയും വെള്ളത്തിന്റെ ഫലപ്രദമായ ഉപയോഗം, ബില്‍ഡിങ്ങ് മാനേജ്‌മെന്റ് സിസ്റ്റം, ഐ.ടി വ്യവസായം തുടങ്ങിയ മേഖലകളില്‍ സഹകരണ സാധ്യതകള്‍ തേടിയാണ് വിയറ്റ്‌നാമിലെ കിയന്‍ ജിയാങ്ങ് പ്രവിശ്യയിലെ പീപ്പിള്‍സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ന്യുയെന്‍ താന്‍ നഹാന്റെ നേതൃത്വത്തിലുള്ള 23 അംഗ സംഘം ടെക്‌നോപാര്‍ക്കിലെത്തിയത്.
വിയറ്റ്‌നാമിലെ വ്യവസായ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ കമ്പനികളെ സംഘം വിയറ്റ്‌നാമിലേക്ക് സ്വാഗതം ചെയ്തു. വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് വിയറ്റ്‌നാമിലെത്താമെന്നതും വിദേശ കമ്പനികള്‍ക്ക് ഒരു വര്‍ഷത്തേക്ക് നൂറു ശതമാനം ടാക്‌സ് ഇളവ് ലഭിക്കുകയും തുടര്‍ന്നുള്ള അഞ്ചുവര്‍ഷത്തോളം അന്‍പത് ശതമാനത്തോളം ടാക്‌സ് ഇളവ് ലഭിക്കുമെന്നതും വ്യവസായത്തിനായി വിയറ്റ്‌നാമിലെ കിയന്‍ ജിയാങ്ങ് പ്രവിശ്യയിലേക്ക് എത്താനുള്ള സാധ്യതകള്‍ക്ക് അനുകൂലമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ ഐ.ടി വളര്‍ച്ചയെപ്പറ്റിയും ടെക്‌നോപാര്‍ക്കിന്റെ പ്രവര്‍ത്തന പാരമ്പര്യത്തെയയും ഐ.ടി എക്കോസിസ്‌റ്റെത്തെയും കുറിച്ച് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ സംഘത്തിന് വിവരണം നല്‍കി. ചര്‍ച്ചയില്‍ ടെക്‌നോപാര്‍ക്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, കേരളത്തിലെ ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്ക് സെക്രട്ടറിയും ടാറ്റ എലക്‌സി സെന്റര്‍ ഹെഡ്ഡുമായ ശ്രീകുമാര്‍ .വി എന്നിവരും വിവിധ കമ്പനി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.