കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏക് ഭാരത് ശ്രേഷ്ഠ് ഭാരതിനു കീഴിലുള്ള യുവ സംഗമം മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള 50 വിദ്യാര്‍ത്ഥികള്‍ ഐഐഎം സമ്പല്പൂരിലെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്കിടയിലെ ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
കോഴിക്കോട് എന്‍ഐടി, കാലിക്കറ്റ് സര്‍കലാശാല, കുസാറ്റ് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് സാംസ്കാരിക വിനിമയ പരിപാടിയില്‍ പങ്കാളികളായത്. കേരളത്തില്‍ എന്‍ഐടിയും ഒഡിഷയില്‍ ഐഐഎം സമ്പല്പൂരുമാണ് ഒഡീഷ-കേരള പ്രതിനിധികള്‍ക്കായുള്ള നോഡല്‍ സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നത്.
ഭുവനേശ്വര്‍ സമീപ ജില്ലകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ രണ്ടു വരെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം സന്ദര്‍ശനം നടത്തും. ഇതേ രീതിയില്‍ ഒഡീഷയില്‍ നിന്നുള്ള 50 അംഗ വിദ്യാര്‍ത്ഥി സംഘം ഡിസംബര്‍ മാസത്തില്‍ കേരളത്തിലും സന്ദര്‍ശനം നടത്തും.
നിരവധി സാമ്യതകളുള്ള സംസ്ഥാനങ്ങളാണ് കേരളവും ഒഡീഷയുമെന്ന് ഐഐഎം സമ്പല്‍പൂര്‍ ഡയറക്ടര്‍ പ്രൊഫ. മഹാഡിയോ ജെയ്സ്വാള്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യാന്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.