ഹൈദരാബാദ്: അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ബോളിവുഡും ഹോളിവുഡും തെലുങ്ക് ജനത ഭരിക്കുമെന്ന് തെലങ്കാന തൊഴില്‍ വകുപ്പ്മന്ത്രിയും ഭാരത് രാഷ്ട്ര സമിതി(ബി.ആര്.എസ്) നേതാവുമായ ചമകുര മല്ല റെഡ്ഡി. ഒരു വര്‍ഷത്തിനുള്ളില്‍ രണ്‍ബീര്‍ കപൂര്‍ ഹൈദരാബാദിലേയ്ക്ക് മാറേണ്ടി വരുമെന്നും മന്ത്രി പരിഹസിച്ചു. മുംബൈ പഴയതായി, ബെംഗളൂരു ഗതാഗതക്കുരുക്കിലാണ്, ഇന്ത്യ ഭരിക്കുന്നത് ഹൈദരാബാദ് നഗരം മാത്രമാണെന്നും ബി.ആര്.എസ് നേതാവ് പറഞ്ഞു. രണ്‍ബീര്‍ കപൂര്‍ നായകനായെത്തുന്ന ‘അനിമല്‍’ എന്ന ചിത്രത്തിന്റെ ഹൈദരാബാദില്‍ വെച്ചുനടന്ന പ്രീ റിലീസ് ചടങ്ങിനിടെയായിരുന്നു റെഡ്ഡിയുടെ പരാമര്‍ശം.
സംവിധായകന് രാജമൗലിയും നിര്‍മാതാവ് ദില്‍ രാജുവും മിടുക്കരാണെന്നും അക്കൂട്ടത്തിലേയ്ക്ക് ‘അനിമല്‍’ സംവിധായകന് സന്ദീപ് റെഡ്ഡി വംഗയും എത്തിയെന്നും ബി.ആര്.എസ് നേതാവ് പറഞ്ഞു. തെലുങ്ക് ജനങ്ങള്‍ മിടുക്കരാണെന്നും തങ്ങളുടെ നായിക രശ്മിക മന്ദന വളരെ മിടുക്കിയാണെന്നും റെഡ്ഡി ചൂണ്ടിക്കാട്ടി. തെലുങ്ക് ചിത്രം പുഷ്പ തരംഗം സൃഷ്ടിച്ചുവെന്ന് പറഞ്ഞ മന്ത്രി രണ്‍ബീറിന്റെ അനിമല്‍ 500 കോടി നേടുമെന്നും അഭിപ്രായപ്പെട്ടു. മന്ത്രിയുടെ പരാമര്‍ശത്തില്‍ കനത്ത പ്രതിഷേധമാണ് ബോളിവുഡ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന രണ്‍ബീര്‍ കപൂറിനും അനില്‍ കപൂറിനും പുറമെ സംവിധായകന് രാജമൗലി, നടന് മഹേഷ് ബാബു, നിര്‍മാതാവ് ദില്‍ രാജു എന്നിവരും ചടങ്ങിനെത്തിയിരുന്നു. രശ്മിക മന്ദാനയാണ് ‘അനിമലി’ല്‍ നായികയായെത്തുന്നത്. അര്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിന്റെ സംവിധായകന്. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്.
പ്രീതം, വിശാല്‍ മിശ്ര, മനാന് ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസണ്‍, ഹര്ഷവര്ദ്ധന്, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് അനിമലിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഭൂഷണ് കുമാറിന്റെയും കൃഷന് കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മ്മിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രമെത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു