വാട്ട്‌സാപ്പ്, ടെലഗ്രാം ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ബാങ്കിങ് ട്രോജന്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. വാട്ട്‌സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ മെസേജിങ് പ്ലാറ്റ്ഫോമുകള്‍ വഴി വലിയ രീതിയില്‍ ട്രോജന്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റ് സേവനദാതാക്കള്‍ എന്നിവരെന്ന വ്യാജേനയാണ് സോഷ്യല്‍ മീഡിയ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുന്നത്. തുടര്‍ന്ന് അവരുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് അപകടകരമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു.
ബാങ്കിങ് വിവരങ്ങളും ഫോണിലെ മറ്റ് ഡാറ്റയും ഇക്കൂട്ടത്തില്‍ ചോര്‍ത്തിയെടുക്കും. ഇത്തരം സൈബറാക്രമണങ്ങള്‍ വഴി വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് നടത്തുന്നത്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സുരക്ഷാ ബ്ലോഗിലൂടെ തന്നെയാണ് കമ്പനി ഇതെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. വാട്ട്‌സാപ്പ് വഴി ഏതെങ്കിലും ബാങ്കിന്റെ പേരില്‍ മെസെജും ലിങ്കുമയച്ചാണ് കൂടുതല്‍ തട്ടിപ്പുകളും നടത്തുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉപയോക്താക്കള്‍ കെണിയില്‍ പെടും.
ബാങ്കുകളുടെ പേരില്‍ ഉപഭോക്താക്കളെ ബന്ധപ്പെട്ട് മറ്റ് സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളെയാണ് കെണിയിലാക്കുന്നത്.
രണ്ട് തരം അപകടകരമായ ആപ്പുകളാണ് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. ബാങ്ക് അക്കൗണ്ട് ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി നിര്‍മിച്ച ബാങ്കുകളുടെ വ്യാജ ആപ്പുകള്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള വ്യാജ ആപ്പുകള്‍ എന്നിവയാണ് അപകടകരമായ രണ്ട് ആപ്പുകള്‍.
ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ്സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ആപ്പ്സ്റ്റോറുകളില്‍ നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് ഇവയെ ചെറുക്കാനുള്ള മാര്‍ഗം.അപരിചിത ലിങ്കുകള്‍ ക്ലിക്ക് ചെയ്യാതിരിക്കുക, പരസ്യങ്ങള്‍, എസ്എംഎസ്, വാട്ട്‌സാപ്പ് മെസേജുകള്‍, ഇമെയിലുകള്‍ എന്നിവ വഴിയുള്ള ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത്. മൈക്രോസോഫ്റ്റ് ഡിഫന്‍ഡര്‍ പോലുള്ള ആപ്പുകള്‍ ആന്‍ഡ്രോയിഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനൊപ്പം അപരിചിതമായ ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും മറക്കരുത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു