ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോള്‍ വന്നു.
ബന്ധുവാണ് ഫോണ്‍ എടുത്ത് സംസാരിച്ചത്. മറുതലക്കല്‍ ഒരു സ്ത്രീയാണ് സംസാരിച്ചതെന്നും കുട്ടി സുരക്ഷിതയായി തങ്ങളുടെ പക്കലുണ്ടെന്നും ഫോണിലൂടെ പറഞ്ഞുവെന്നാണ് ബന്ധു പറഞ്ഞത്. അഞ്ച് ലക്ഷം രൂപ തന്നാല്‍ പെണ്‍കുട്ടിയെ തരാമെന്നും പറഞ്ഞതായാണ് ബന്ധു പറയുന്നത്.
വിവരം കിട്ടുന്നവര്‍ 9946923282, 9495578999 എന്ന നമ്പറില്‍ വിളിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന
വ്യാപകമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ എല്ലാ അതിര്‍ത്തികളും അടച്ചുകൊണ്ടുള്ള അന്വേഷണമാണ് ആദ്യഘട്ടത്തില്‍ പൊലീസ് നടത്തിയിരുന്നത്. ഡിഐജി ആര് നിശാന്തിയാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. റൂറല്‍ ഏരിയയിലെ വഴികളിലുള്‍പ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. എല്ലാ രീതിയിലും അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സൈബര്‍ സെല്ലുള്‍പ്പെടെ അന്വേഷണം നടക്കുന്നുണ്ട്.
‘സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം ട്യൂഷന് ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്. കാറിനടുത്തെത്തിയപ്പോള്‍ വണ്ടിയിലുണ്ടായിരുന്ന ഒരാള്‍ ഒരു പേപ്പര്‍ നല്കി അമ്മയ്ക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു. താന്‍ ഇത് നിരസിച്ചെങ്കിലും അഭികേല്‍ പേപ്പര്‍ വാങ്ങി. ഈ സമയം കുട്ടിയെ കാറിലേക്ക് പിടിച്ച് കയറ്റുകയറ്റി. തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ സംഘം കമ്പുകൊണ്ട് അടിച്ചു. പിന്നാലെ കുട്ടിയുമായി കടന്നുകളഞ്ഞു. കാറില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഉണ്ടായിരുന്നത് – സഹോദരന് ജൊനാഥന് പറയുന്നു.
വിവരമറിഞ്ഞ് നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പൂയപ്പള്ളി പോലീസില്‍ പരാതി നല്കി. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. വെളുത്ത നിറമുള്ള കാറിലാണ് സഹോദരിയെ തട്ടിക്കൊണ്ടുപോയതെന്നും ആ കാര്‍ കുറച്ചുദിവസമായി വീടിനടുത്ത് ഉണ്ടായിരുന്നുവെന്നും ജോനാഥന് പറഞ്ഞു.