കൊച്ചി: കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാവും ഉത്തരവിറക്കുന്നതെന്നും അദ്ദേഹം. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഇതിനായി യോഗം ചേര്‍ന്നുവെന്നും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓഡിറ്റോറിയത്തിന്റെ പ്രവേശന കവാടത്തില്‍ ഉണ്ടായ തിരക്കില്‍ പെട്ടാണ് കുസാറ്റില്‍ നാലുപേര്‍ മരിച്ചത്. പരിപാടിക്ക് സംഘാടകര്‍ അനുമതി തേടിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഓഡിറ്റോറിയത്തിന്റെ ഘടനയും അപകടത്തിന് കാരണമായെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘം ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി. പരിപാടി പൊലീസിനെ അറിയിച്ചില്ല എന്നത് ഗുരുതരമായ കാര്യമാണെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞിരുന്നു. ഗാനനിശക്കിടെ ഉണ്ടായ അപകടത്തില്‍ സംഘാടകര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കുസാറ്റ് ദുരന്തത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ദുഃഖം പങ്കുവെച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു