തിരുവനന്തപുരം: നവകേരള ബസിനെതിരെ ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും ഡിജിപിക്കും പരാതി നൽകി യുവമോർച്ച. മാനദണ്ഡം പാലിക്കാതെയാണ് ദേശീയ പതാക ബസിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും ബസിന്റെ വശങ്ങളിൽ നമ്പറില്ല എന്നുമാണ് പരാതിയിൽ പറയുന്നത്. ദേശീയ പതാകയെ അപമാനിക്കുകയാണെന്നും യുവമോർച്ച പരാതിയിൽ പറഞ്ഞു.
പിണറായി സർക്കാരിന്റെ നേട്ടം വികൃതമാണ്. അത് കോടികൾ ചെലവാക്കി നന്നാക്കാൻ ശ്രമിക്കുന്നുവെന്നും യുവമോർച്ച വിമർശിച്ചു. നവകേരള സദസ്സ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ്. തൊഴിലുറപ്പ് തൊഴിലാളികൾ മുതൽ ഐഎഎസ് ഉദ്യോഗസ്ഥരെ വരെ അതിന് ഉപയോഗിക്കുന്നു. കേരളത്തിൽ ഭരണ സ്തംഭനമാണുളളതെന്നും യുവമോർച്ച ആരോപിച്ചു.
മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും സഞ്ചരിക്കാൻ കാരവൻ വാങ്ങിയതിനെതിരെ പ്രതിപക്ഷ നേതാക്കളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. കാരവനിലെ യാത്ര സർക്കാരിന് തന്നെ ബൂമറാങ്ങ് ആവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പിണറായിയെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഢംബര യാത്ര നടത്താനാകൂ. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഢംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചു പൈസ കയ്യിലില്ലാത്ത സമയത്താണ് സർക്കാർ ഒരു കോടിയുടെ ബസ് വാങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചിരുന്നു.
നവകേരളബസിനു നേരെ ചീമുട്ട എറിയാന്‍ ശ്രമം. കോഴിക്കോട് ഉളളിയേരിയിലാണ് സംഭവം. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍. അതിനിടെ, ഉളളിയേരിയിലും ബാലുശേരിയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ചേളന്നൂരില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഞ്ച് യൂത്ത് കോണ്‍ഗ്രസുകാരെ കരുതല്‍ കസ്റ്റഡിയിലെടുത്തു.
അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിലേക്ക് സഞ്ചരിക്കുന്ന ബസിന്റെ ചില്ല് ഇളകിയതിനെത്തുടർന്ന് വര്‍ക്‌ഷോപ്പില്‍ എത്തിച്ച് അറ്റകുറ്റപണികൾ നടത്തി. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു കോഴിക്കോട് നടക്കാവിലുള്ള വർക്ഷോപ്പിൽ എത്തിച്ചത്. പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു ബസ് എത്തിച്ചത്.
ആവശ്യമായ ചില്ലും സാമഗ്രികളും വൈകിട്ടോടെ തന്നെ വർക്ഷോപ്പിൽ എത്തിച്ചിരുന്നു. തുടർന്ന് വടകരയിലെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് പരിപാടിക്ക് ശേഷം ബസ് വർക്ഷോപ്പിൽ എത്തിക്കുകയായിരുന്നു.
read also…കോട്ടയത്ത് അമ്മയുടെ കൺമുന്നിൽ യുവതി ട്രെയിൻ തട്ടി മരിച്ചു
മാനന്തവാടിയിൽ നവകേരളസദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയപ്പോൾ ബസ് ചെളിയിൽ താഴ്ന്നിരുന്നു. ജനത്തെ നിയന്ത്രിക്കാനായി കെട്ടിയ ബാരിക്കേഡിനിടയിലൂടെ ബസ് സ്റ്റേജിന്റെ അടുത്തുകൊണ്ടുവരാനുള്ള ശ്രമത്തിനിടെ, ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ ചെളിയിൽ ടയറുകൾ കറങ്ങി ബസ് നിൽക്കുകയായിരുന്നു. ബസിന്റെ മുൻടയറുകളും പിൻടയറുകളും ചെളിയിൽ താഴ്‌ന്നുപോയി. പോലീസ് ഉദ്യോഗസ്ഥരും കമാൻഡോകളും തള്ളിയാണ് കരകയറ്റിയത്. ഈ സമയത്ത് ബസിന്റെ ചില്ലിന് ഇളകിയിരുന്നു. ഇതേത്തുടർന്നാണ് ബസ് വർക്ക് ഷോപ്പിൽ എത്തിച്ച് നന്നാക്കിയത്.
നവംബർ 18നാണ് നവ കേരള സദസിന് തുടക്കമായത്. കാസർകോട് വച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സദസ് 36 ദിവസം കൊണ്ട് 140 മണ്ഡലങ്ങളിലൂടെ യാത്ര നടത്തും. കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പര്യടനത്തിന് ശേഷം നവകേരള യാത്ര കഴിഞ്ഞ ദിവസമാണ് കോഴിക്കോടെത്തിയത്.