ന്യൂഡല്‍ഹി: ബില്ലുകള്‍ തടഞ്ഞുവച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്ന് സുപ്രീംകോടതി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ സുപ്രധാന വിധി. സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബിൽ തീരുമാനമെടുക്കാതെ ഗവർണർ തടഞ്ഞുവെക്കുകയാണെങ്കിൽ പുനഃപരിശോധനക്കായി തിരിച്ചയക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇന്ത്യൻ ഭരണഘടനയുടെ 200ാം അനുച്ഛേദത്തിൽ ഗവർണർ സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെക്കുകയാണെങ്കിൽ അടുത്ത നടപടിയെന്താണെന്ന് വിശദീകരിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് കേസിൽ നിർണായക വിധി പുറപ്പെടുവിച്ചത്.
ബില്ലുകള്‍ മുന്നിലെത്തുമ്പോള്‍ മൂന്ന് സാധ്യതകളാണ് ഗവര്‍ണർക്കുള്ളത്. ഒന്നുകിൽ ബില്ലിന് അനുമതി നല്‍കുക. അല്ലെങ്കില്‍ ബില്ല് തടഞ്ഞുവയ്ക്കാം. ഇവ രണ്ടുമല്ലെങ്കില്‍ രാഷട്രപതിയുടെ അഭിപ്രായം തേടാം. ഭരണഘടനാ അനുച്ഛേദം 200 പ്രകാരം ബില്ലുകള്‍ നിയമസഭയ്ക്കുതന്നെ തിരിച്ചയച്ച് മാറ്റങ്ങള്‍ നിര്‍ദേശിക്കാനുള്ള സ്വാതന്ത്ര്യവും ഗവര്‍ണര്‍ക്കുണ്ട്. അതേസമയം, മാറ്റങ്ങൾ ഉൾപ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി പറയുന്നു.
ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് അധികാരമെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാഷട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധിയാണ് ഗവര്‍ണര്‍. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് നിയമനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു