സാം ഓള്‍ട്ട്മാന്‍ ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് കമ്പനി. ഇതുസംബന്ധിച്ച ധാരണയില്‍ എത്തിക്കഴിഞ്ഞുവെന്നും കമ്പനിക്ക് പുതിയ ഡയറക്ടര്‍ ബോര്‍ഡാവും ഉണ്ടാകുകയെന്നും ഓപ്പണ്‍ എഐ എക്സിലൂടെ വ്യക്തമാക്കി. സാം ഓള്‍ട്ട്മാനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
700-ലേറെ ജീവനക്കാരാണ് ബോര്‍ഡിനെതിരെ കത്തെഴുതിയത്. ഓള്‍ട്ട്മാനെ പുറത്താക്കിയ രീതിയില്‍ ക്രമക്കേടുണ്ടെന്ന് ഇവര്‍ ആരോപിച്ചിരുന്നു. ബോര്‍ഡ് രാജിവെക്കുകയും ഓള്‍ട്ട്മാനെയും ബ്രോക്ക്മാനെയും തിരികെ കൊണ്ടുവരികയും ചെയ്തില്ലെങ്കില്‍ ഓള്‍ട്ട്മാന് പിന്നാലെ തങ്ങളും മൈക്രോസോഫ്റ്റിലേക്ക് പോവുമെന്ന ഭീഷണിയും അവര്‍ ഉയര്‍ത്തിയിരുന്നു. അതിനിടെ, സാം ഓള്‍ട്ട്മാനും ഗ്രെഗ് ബ്രോക്ക്മാനുമൊപ്പം ചില സഹപ്രവര്‍ത്തകും മൈക്രോസോഫ്റ്റിന്റെ എഐ റിസര്‍ച്ച് ടീമിലേക്ക് വരുമെന്നാണ് കഴിഞ്ഞ ദിവസം മൈക്രോസോറ്റ് മേധാവി സത്യ നദെല്ല അറിയിച്ചത്.
ഓപ്പണ്‍ എഐയെ വളരയധികം സ്നേഹിക്കുമെന്നും ടീമിനെയും ദൗത്യത്തെയും ഒന്നിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഓള്‍ട്ട്മാനെ അപ്രതീക്ഷിതമായി പുറത്താക്കിയതിന് പിന്നാലെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഓപ്പണ്‍ എഐ വിട്ട് അദ്ദേഹം മൈക്രോസോഫ്റ്റില്‍ ചേരാനൊരുങ്ങുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതിനിടെയാണ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ജീവനക്കാര്‍ രംഗത്തെത്തിയത്. ബോര്‍ഡ് അംഗങ്ങള്‍ രാജിവെക്കാത്തപക്ഷം കമ്പനി വിടുമെന്നായിരുന്നു ജീവനക്കാരുടെ ഭീഷണി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു