നിത്യനിദാന ചെലവുകൾക്കടക്കം നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ സാധാരണയായി ബാങ്കുകളെ വിവിധ സേവനങ്ങൾക്ക് സമീപിക്കുന്നവരാണ്. ബാങ്കിനെ സമീപിക്കുമ്പോൾ നമുക്കുണ്ടാവുന്ന പരാതികൾക്ക് ഒരിക്കലും അറ്റമുണ്ടാവാറില്ല. ഇത്തരം പരാതികൾ പരിഹരിക്കാനുള്ള സംവിധാനങ്ങൾ എന്തെല്ലാമാണ്.
സാധാരണയായി ഉണ്ടാവുന്ന പരാതികൾ
എ.ടി.എം കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, ഇൻറർനെറ്റ്, മൊബൈൽ, ഇലക്ട്രോണിക് ബാങ്കിങ്, പുതിയ അക്കൗണ്ട് തുറക്കൽ/ഉള്ളവ പ്രവർത്തിപ്പിക്കൽ, വായ്പ, ബാങ്ക് ഗാരന്റി, ചെക്ക്, ട്രാൻസ്ഫർ, അമിതമായ ചാർജ് ഈടാക്കൽ, ജീവനക്കാരുടെ ഉപഭോക്താക്കളോടുള്ള പെരുമാറ്റം തുടങ്ങിയവയാണ്.
പരാതിപരിഹാര സംവിധാനങ്ങൾ.
ബാങ്ക് തലം
പരാതികൾ ബാങ്കിന്റെ ശാഖകളിൽ നേരിട്ടോ ഇ-മെയിൽ വഴിയോ ടെലിഫോൺ വഴിയോ എസ്.എം.എസ് വഴിയോ നൽകാം. ഓരോ ശാഖയിലും പരാതികൾ നൽകാനുള്ള നോഡൽ ഓഫിസറുടെ പേര്, ടെലിഫോൺ നമ്പർ, പരാതി സമർപ്പിക്കേണ്ട ഇ-മെയിൽ വിലാസം എന്നിവ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം, പരാതിപ്പുസ്തകവും ശാഖകളിൽ സൂക്ഷിക്കേണ്ടതുണ്ട്. ശാഖകൾക്കു പുറമെ, ബാങ്കുകളുടെ റീജനൽ, സോണൽ, സെൻട്രൽ ഓഫിസുകളിലും പരാതികൾക്ക് പരിഹാരം കാണാനുള്ള സംവിധാനം ഉണ്ടായിരിക്കും. പരാതികൾ ബോധിപ്പിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ കാൾ സെന്റർ നമ്പറുകളും ഓരോ ബാങ്കും പ്രവർത്തിപ്പിക്കുന്നുണ്ട്. ഓരോ പരാതിയും തങ്ങളുടെ കെപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റം വഴി രജിസ്റ്റർ ചെയ്യേണ്ടതും ഒാരോ പരാതിയും പ്രത്യേകം നമ്പറായി രജിസ്റ്റർ ചെയ്ത് പരാതിക്കാരന് അക്നോളജ്മെൻറ് നൽകുകയും വേണം. പരാതികൾക്ക് പരമാവധി 30 ദിവസത്തികം തീർപ്പുകൽപിക്കണം.
ബാങ്കിങ് ഓംബുഡ്സ്മാൻ
ബാങ്കുകളിൽ പരാതി സമർപ്പിച്ച് 30 ദിവസത്തിനകം പരിഹാരം ലഭിച്ചില്ലെങ്കിലോ പരാതി നിരസിക്കുകയോ ചെയ്താൽ റിസർവ് ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം. ആർ.ബി.ഐയുടെ മുതിർന്ന ഉദ്യോഗസ്ഥനെയായിരിക്കും ഈ പദവിയിൽ നിയോഗിക്കുക. റിസർവ് ബാങ്ക് സംവിധാനത്തിനു പുറമെ ഷെഡ്യൂൾഡ് ബാങ്കുകൾക്ക് ഇന്റേണൽ ഓംബുഡ്സ്മാൻ സംവിധാനവും ഏർപ്പെടുത്തേണ്ടതുണ്ട്. ഓംബുഡ്സ്മാൻ തീരുമാനങ്ങൾ തൃപ്തികരമല്ലെങ്കിൽ അപ്പലേറ്റ് അതോറിറ്റിയെയും സമീപിക്കാം.
ആർ.ബി.ഐയുടെ കംെപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റം
ഈ സംവിധാനം വഴി ആർ.ബി.ഐക്ക് നേരിട്ട് പരാതി ബോധിപ്പിക്കാം. ഇത്തരം പരാതികൾ ബാങ്കിങ് ഓംബുഡ്സ്മാൻ, ബാങ്കുകൾ എന്നിവകളിലേക്ക് അയച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെടും.
ലിങ്ക് താഴെ നൽകുന്നു. https://cms.rbi.org.in
രക്ഷക്കായി ഉപഭോക്തൃ കോടതികളും.
ബാങ്കിങ് സേവനങ്ങൾ ഉപഭോക്തൃ നിയമപരിധിയിൽ വരുന്നതാണ്. അതിനാൽ പരാതിപരിഹാരത്തിനായി ബാങ്കുകളെ സമീപിച്ച് തൃപ്തികരമായ പരിഹാരം ലഭിച്ചില്ലെങ്കിൽ ഉപഭോക്തൃ കോടതികൾ വഴിയും പരിഹാരം തേടാം.
ശ്രദ്ധിക്കുക
പരാതികൾ സമർപ്പിക്കുമ്പോൾ പരാതികളാണെന്ന് പ്രത്യേകം രേഖപ്പെടുത്തുന്നത് നന്നാവും. ബാങ്കുകൾ പരാതികളെ നിർദേശങ്ങളായി പരിഗണിച്ച് നടപടികൾ സ്വീകരിക്കാത്ത പ്രവണത കണ്ടുവരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു