മസ്കത്ത്: ഒമാന്റെ 53ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 53 കിലോമീറ്റർ നടന്ന് മലയാളി യുവാക്കൾ. മസ്കത്തിലുള്ള തിരുവന്തപുരം സ്വദേശി നൂറുദ്ദീനും മലപ്പുറം സ്വദേശി നൗഫൽ തിരൂരുമാണ് ദേശീയദിനാഘാഷ സന്ദേശങ്ങളും ആരോഗ്യബോധവത്കരണവും പകർന്ന് മത്ര മുതൽ ബർക്കപാലസ് വരെ 53 കിലോമീറ്റർ നടന്നത്. വ്യാഴാഴ്ച വൈകീട്ട് 4.30ന് ആരംഭിച്ച യജ്ഞം വെള്ളിയാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് പൂർത്തിയാക്കിയത്. ഒരുമണിക്കൂറിൽ അഞ്ച് കിലോമീറ്റർ എന്ന തോതിൽ 11 മണിക്കൂർ എടുത്താണ് ഇരുവരും ലക്ഷ്യം കൈവരിച്ചത്. വിവിധ ഇടങ്ങളിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ സ്വീകരണവും ഒരുക്കിയിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഇരുവരും പറഞ്ഞു.
പ്രവാസി യുവാക്കളിൽ അടുത്തിടെ ഹൃദയാഘാതം മൂലമുള്ള മരണം വർധിച്ചുവരുന്നതായാണ് കണ്ടുവരുന്നത്. വ്യായാമത്തിന്റെ കുറവാണ് ഇതിനുള്ള കാരണം. പ്രവാസ ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുക കൂടി നടത്തത്തിന്റെ ലക്ഷ്യമായിരുന്നുവെന്നും നൂറുദ്ദീനും നൗഫലും പറഞ്ഞു. നടത്തയജ്ഞം മത്രയിൽ നടന്ന ചടങ്ങിൽ ഒമാനിലെ നോർക്ക റൂഡ്സ് ലീഗൽ അഡ്വൈസറും ഇന്ത്യൻ എംബസി ലീഗൽ പാനലിലെ അംഗവുമായ അഡ്വ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. നിസാർ ഫ്ലാഗ്ഓഫ് ചെയ്തു. സാമൂഹിക പ്രവർത്തകൻ സിയാദ് അധ്യക്ഷതവഹിച്ചു. സ്വദേശികളും വിദേശികളുമായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. അടുത്ത ദേശീയ ദിനത്തിൽ കൂടുതൽ പ്രവാസികളെ ഉൾക്കൊള്ളിച്ച മരത്തൺ സംഘടിപ്പിക്കുമെന്ന് പ്രവാസി കൂട്ടായ്മ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു