റിയാദ്: വ്യാഴാഴ്ച രാത്രിയിൽ റിയാദിൽ പെയ്ത കനത്ത മഴയിലും കാറ്റിലും വ്യാപാര സ്ഥാപനങ്ങളുടെ നെയിം ബോർഡുകളും കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഹോർഡിങ്ങുകളും വീണ് വാഹനങ്ങൾക്ക് തകരാർ സംഭവിച്ചു.
നഗരത്തിന്റെ കിഴക്കുഭാഗത്തെ ജാബിർ റോഡിലാണ് വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളും മറ്റും കാറ്റിലിളകി വാഹനങ്ങൾക്കുമേൽ പതിച്ചത്. ഏതാനും കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അൽഖലീജ് ഡിസ്ട്രിക്ടിൽ കെട്ടിടത്തിന്റെ മുൻഭാഗത്തെ ക്ലാഡിങ് ഭാഗികമായി തകർന്നു.
സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി. ആർക്കും പരിക്കില്ലെന്ന് റിയാദ് സിവിൽ ഡിഫൻസ് അറിയിച്ചു.
നഗരത്തിലെ ഒരു ജനവാസ കേന്ദ്രത്തിൽ നിർത്തിയിട്ട കാറിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി.
കാറിന് സാരമായ തകരാർ സംഭവിച്ചു. ആ സമയത്ത് കാറിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കാറിന്റെ ഡ്രൈവർ വാഹനം നിർത്തി നമസ്കാരം നിർവഹിക്കാൻ സമീപത്തെ പള്ളിയിൽ പോയ സമയത്തായിരുന്നത്രെ അപകടം.
നഗര വ്യാപകമായി രാത്രി വൈകുവോളം പെയ്ത മഴയിൽ നിരവധി ചെറുതും വലുതുമായ വാഹനാപകടങ്ങളുണ്ടായി.
പലയിടത്തും കെട്ടിക്കിടന്ന മഴവെള്ളത്തിൽ വാഹനങ്ങൾ മുങ്ങി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു