മദീന: ‘ഇഹ്തിഫാൽ 2023’ എന്ന പദ്ധതിയിലൂടെ കെ.എം.സി.സി ദമ്മാം കമ്മിറ്റി നാട്ടിൽ നിന്നും സൗജന്യമായി ഒരുക്കിയ ഉംറ തീർഥാടക സംഘത്തിന് മദീനയിൽ കെ.എം.സി.സി സ്വീകരണം നൽകി. ഉംറ നിർവഹണത്തിനും ജിദ്ദയിലെ സ്വീകരണ പരിപാടിക്കും ബദർ സന്ദർശനത്തിനും ശേഷം പ്രവാചക നഗരിയായ മദീന സന്ദർശനത്തിനെത്തിയ സംഘത്തിന് കുട്ടികളും വനിത വിങ് പ്രവർത്തകരുമുൾപ്പെടെ വിവിധ ഏരിയകളിൽനിന്നുള്ള നൂറോളം കെ.എം.സി.സി പ്രവർത്തകർ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്.
സീനിയർ നേതാവ് സൈദ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. മദീന കെ.എം.സി.സി കമ്മിറ്റി പ്രസിഡന്റ് ശരീഫ് കാസർകോട് അധ്യക്ഷത വഹിച്ചു. ഉംറ സംഘത്തിന്റെ അമീർ അബ്ദുറഹ്മാൻ അറക്കൽ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. അൽഹസ്സ കെ.എം.സി.സി നേതാവ് നാസർ പാറക്കടവ് സംസാരിച്ചു.
മദീന കെ.എം.സി.സി കമ്മിറ്റിയുടെ ഉപഹാരം അഹമ്മദ് മുനമ്പം, അഷ്റഫ് ഒമാനൂർ, ഷാജഹാൻ ചാലിയം, നാസർ തടത്തിൽ എന്നിവർ ഉംറ തീർഥാടകർക്ക് സമ്മാനിച്ചു. ജനറൽ സെക്രട്ടറി അശ്റഫ് അഴിഞ്ഞിലം സ്വാഗതവും നഫ്സൽ മാസ്റ്റർ നന്ദിയും പറഞ്ഞു. മദീന സന്ദർശനം കഴിഞ്ഞ് ദമ്മാമിലേക്ക് മടങ്ങുന്ന സംഘം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി കമ്മിറ്റിയുടെ ആദരവ് ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് മടങ്ങുക എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു