മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെ അകമ്പടിയോടെയാണ് വ്യാഴാഴ്ച വൈകീട്ടോടെ മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുസന്ദം, ഖസബ് തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം ഉച്ചക്കുശേഷം മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. വൈകീട്ടോടെയാണ് മഴ കരുത്താർജിച്ചത്.
അതേസമയം, ഞായറാഴ്ചവരെ വിവിധ ഗവർണറേറ്റുകളിൽ മഴ തുടരുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിരിക്കുന്നത്. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലാണ് കനത്ത കാറ്റും മഴയും പ്രതീക്ഷിക്കുന്നത്. ആലിപ്പഴവും വർഷിക്കും. വിവിധ ഇടങ്ങളിൽ 10 മുതൽ 50 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മണിക്കൂറിൽ 28 മുതൽ 56 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക. കടൽ പ്രക്ഷുബ്ധമാകും. മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽതീരങ്ങളിലും തിരമാലകൾ രണ്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. സമുദ്രയാത്രക്കൊരുങ്ങുന്നതിന് മുമ്പ് ദൃശ്യപരതയും കടലിന്റെ അവസ്ഥയും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി നിർദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു