തൃശൂർ: തിരുവില്വാമല പട്ടി പറമ്പ് സ്വദേശിനി ആദിത്യ ശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. പൊട്ടിത്തെറിച്ചത് ഫോൺ അല്ല, പന്നിപ്പടക്കം പൊട്ടിയതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നുമാണ് സൂചന. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.
ഏപ്രില്‍ 24-ന് രാത്രി പത്തരയോടെയായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ (8) മരിച്ചത്. ഫോണിന്റേയും മുറിയില്‍നിന്ന് ലഭിച്ച കിടക്കയുടെ അവശിഷ്ടങ്ങളും പരിശോധിച്ചതില്‍നിന്നാണ് ഫോണ്‍ പൊട്ടിത്തെറിയല്ല അപകടകാരണമെന്ന് വ്യക്തമായത്.
ആദിത്യശ്രീ ഫോണ്‍ ഉപയോഗിക്കുമ്പോഴായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. ഇതേത്തുടര്‍ന്നായിരുന്നു ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന നിഗമനത്തിലേക്ക് പോലീസും മറ്റും എത്തിയത്. പന്നിപ്പടക്കമോ അതിന് സമാനമായ സ്ഫോടകവസ്തുവോ പൊട്ടിത്തെറിച്ചാവാം അപകടമുണ്ടായത് എന്നാണ് ഫൊറന്‍സിക് പരിശോധനാഫലം നല്കുന്ന സൂചന.
പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയം. ഫോറൻസിക് പരിശോധന ഫലത്തിൻ്റെ അടിസ്ഥാനത്തിൽ കുന്നംകുളം എ.സി.പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചു. ഫൊറൻസിക് പരിശോധന ഫലം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ആദിത്യശ്രീ മരിച്ചത് തലയ്ക്കേറ്റ പരിക്കുമൂലമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ കുട്ടിയുടെ തലയ്ക്ക് കടുത്ത ആഘാതമേറ്റു. തല ഭാഗികമായി തകര്‍ന്നിരുന്നു. തലച്ചോറിനും ഗുരുതരപരിക്കേറ്റിരുന്നു. തലയുടെ പരിക്കുകൂടാതെ വലതുകൈവിരലുകള്‍ അറ്റുപോകുകയും കൈയ്ക്ക് ഗുരുതരപരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിന്റെ മറ്റിടങ്ങളിലും മുറിവുകളേറ്റിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ. പിതാവ് അശോക് കുമാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. വീടിനുള്ളിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു