ദമ്മാം: രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിച്ച 15ാമത് എഡിഷൻ ബുക്ടെസ്റ്റ് വിജയികളെ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹീം ഖലീൽ ബുഖാരി പ്രഖ്യാപിച്ചു. ജനറൽ വിഭാഗത്തിൽ ശമീല ബക്കർ സിദ്ദീഖ് ഒന്നും അബ്ദുൽ സത്താർ രണ്ടും സ്ഥാനത്തിന് അർഹരായി. ഇംഗ്ലീഷ് ഭാഷയിൽ വിദ്യാർഥികൾക്ക് പ്രത്യേകമായി നടത്തിയ ബുക് ടെസ്റ്റിൽ ജൂനിയർ വിഭാഗത്തിൽ നഫീസ ദിന ഒന്നാം സ്ഥാനവും റാഷിദ് അബ്ദുൽ സത്താർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ ആയിഷ മൻസൂർ ഒന്നും നൂറുൽ ഹുദാ സലീം രണ്ടും സ്ഥാനം സ്വന്തമാക്കി. ജനറൽ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 50,000, 25,000 രൂപ വീതവും സീനിയർ, ജൂനിയർ വിഭാഗങ്ങളിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5,000 രൂപ വീതം സമ്മാനമായി നൽകും. അവാർഡ് തുകയും അംഗീകാര പത്രവും മദീനയിൽ നടക്കുന്ന സൗദി വെസ്റ്റ് പ്രവാസി സാഹിത്യോത്സവ് വേദിയിൽ സമ്മാനിക്കും.
ഐ.പി.ബി പ്രസിദ്ധീകരിച്ച ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ ‘മുഹമ്മദ് നബി’ പുസ്തകം അടിസ്ഥാനമാക്കി ജനറൽ വിഭാഗത്തിനും ‘ദി ഗൈഡ് ഈസ് ബോൺ’ ഇംഗ്ലീഷ് പുസ്തകത്തെ അടിസ്ഥാനമാക്കി ജൂനിയർ, സീനിയർ വിഭാഗത്തിനുമാണ് ബുക്ടെസ്റ്റ് നടന്നത്. ഗൾഫ് രാജ്യങ്ങൾ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക, യൂറോപ്, ഇന്ത്യയിതര ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു. 10,282 പേർ ബുക് ടെസ്റ്റിൽ പങ്കെടുത്തു. പരീക്ഷ ഫലം http://www.booktest.rsconline.org/ സൈറ്റിൽ ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു