മസ്കത്ത്: ഒമാന്റെ ലോകകപ്പ് യോഗ്യത മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഒമാൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തായുള്ള അഹ്ലെയിന്റെ തെരഞ്ഞെടുത്ത സ്റ്റോറുകളിൽനിന്നും മറ്റും ടിക്കറ്റ് സ്വന്തമാക്കാം. ജനറൽ ടിക്കറ്റിന് രണ്ടു റിയാലും വി.ഐ.പി ടിക്കറ്റിന് 20 റിയാലുമാണ് ഈടാക്കുക. ഗ്രൂപ് ഡിയിൽ നവംബർ 16ന് നടക്കുന്ന മത്സരത്തിൽ ചൈനീസ് തായ്പേയ് ആണ് എതിരാളികൾ.
സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ രാത്രി ഏഴു മണിക്കാണ് കിക്കോഫ്. മികച്ച വിജയത്തോടെ യോഗ്യത മത്സരങ്ങൾക്ക് തുടക്കം കുറിക്കാനായിരിക്കും ഒമാൻ ലക്ഷ്യമിടുക. ഇതിന്റെ ഭാഗമായി കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ചിന്റെ കീഴിൽ കഠിന പരിശീലനത്തിലാണ് ടീം അംഗങ്ങൾ.
ഫിഫ റാങ്കിങ്ങിൽ ഒമാനേക്കാൾ വളരെ പിന്നിലാണെങ്കിലും തങ്ങളുടെ ദിവസങ്ങളിൽ മികച്ച കളി പുറത്തെടുക്കുന്നവരാണ് ചൈനീസ് തായ്പേയ്. ഗ്രൂപ്പിലെ ഒമാന്റെ രണ്ടാം മത്സരം നവംബർ 21ന് നടക്കും.
കിർഗിസ്താനാണ് എതിരാളികൾ. കിർഗിസ്താനിലെ സ്പാർട്ടക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് ആറു മണിക്കാണ് കളി. മലേഷ്യയാണ് ഗ്രൂപ്പിൽ വരുന്ന മറ്റൊരു ടീം. അടുത്ത കാലത്തായി മികച്ച ഫോമിലാണ് ഒമാൻ പന്തുതട്ടുന്നത്. ഈ വർഷം ജനുവരിയില്‍ നടന്ന അറബ് ഗള്‍ഫ് കപ്പില്‍ ഒമാൻ രണ്ടാം സ്ഥാനം നേടിയിരുന്നു.
കപ്പ് നേടാനായില്ലെങ്കിലും ടൂർണമെന്റിലെ മികച്ച പ്രകടനത്തിൽ കോച്ച് ബ്രാങ്കോ ഇവാങ്കോവിച്ച് സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മാർച്ചിൽ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ലബനാനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. ഖത്തറിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിന് മുന്നോടിയായുള്ള തയാറെടുപ്പിന്റെ ഭാഗമായായിരുന്നു മത്സരം. സെപ്റ്റംബറിൽ അമേരിക്കക്കെതിരെ നടന സൗഹൃദ മത്സരത്തിൽ നാലു ഗോളിന് തോറ്റെങ്കിലും ടീമിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ മത്സരംകൊണ്ട് സാധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു