മസ്കത്ത്: ഒമാന്റെ പ്രഥമ ഉപഗ്രഹം അമാൻ -ഒന്ന് വിജയകരമായി വിക്ഷേപിച്ചു. രണ്ടാമത്തെ ശ്രമത്തിലാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കം ആരംഭിച്ചത്.
ജനുവരി പത്തിന് വിക്ഷേപണം നടത്തിയെങ്കിലും സാങ്കേതിക പിഴവ് കാരണം പരാജയപ്പെടുകയായിരുന്നു. ഒമാൻ ബഹിരാകാശ കമ്പനിയായ എറ്റ്കോ സ്പേസാണ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ ഒമ്പത് റോക്കറ്റിൽ ഘടിപ്പിച്ച് കാലിഫോർണിയയിലെ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിയതായി എറ്റ്കോ സ്പേസ് അറിയിച്ചു.എറ്റ്കോ സ്പേസിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ മേഖലയിലെ ആദ്യ കാൽവെപ്പാണെന്ന് കമ്പനിയുടെ സി.ഇ.ഒ അബ്ദുൽ അസീസ് ജാഫർ പറഞ്ഞു. ഇത് നിരവധി ഉപഗ്രഹങ്ങളിൽ ഒന്നു മാത്രമാണ്.
അമാൻ ഒന്നിൽ നിന്നുള്ള ചിത്രങ്ങൾക്കും വിവരങ്ങൾക്കുമായി ഞങ്ങൾ കാത്തിരിക്കുകയാണ്. വരും മാസങ്ങളിലും വർഷങ്ങളിലും ഞങ്ങളുടെ പദ്ധതികൾ ബഹിരാകാശ അതിരുകൾ ഭേദിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതിക തകരാർ കാരണം ആദ്യ വിക്ഷേപണം പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ കമ്പനി പാപ്പരത്തം കാരണം 85 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. എന്നിട്ടും ഒമാൻ എറ്റ്കോ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു. റ്റുവാറ്ററ, സാറ്റ് റെവലൂഷൻ എന്നീ കമ്പനിയുമായി സഹകരിച്ചാണ് ഒമാൻ എറ്റ്കോ പദ്ധതി നടപ്പാക്കിയത്.
താരതമ്യേന ചെറിയ ഉപഗ്രഹമായ ക്യൂബ് സാറ്റലൈറ്റ്, ക്യൂബ് എന്നീ പേരിലും അറിയപ്പെടുന്നുണ്ട്. ഇവ ശേഖരിക്കുന്ന ചിത്രങ്ങളും ഡേറ്റകളും ഒമാനിലെ എറ്റ്കോ സ്റ്റേഷന് കൈമാറുകയാണ് ചെയ്യുന്നത്.ഒമാൻ സർക്കാറിന്റെ ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുന്നത്. ഒമാന്റെ ബഹിരാകാശ പദ്ധതി മേഖലയിലെ ബഹിരാകാശ പദ്ധതിയിലേക്കുള്ള പ്രവേശന കവാടമായിരിക്കുമെന്ന് നേരത്തേ ഒമാൻ ഗതാഗത വാർത്തവിനിമയ വിവരസാങ്കേതിക മന്ത്രാലയം പ്രസ്താവിച്ചിരുന്നു.
കാലാവസ്ഥ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങളെയും കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിന് ഉയർന്ന റെസലൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾ പകർത്താൻ പ്രാപ്തമാക്കുന്നതാണ് ‘അമാൻ’.ഇത്തരം ചിത്രങ്ങൾ പിന്നീട് കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിങ്, എ.ഐ സൊലൂഷനുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ വിശകലനം ചെയ്യും.
വിഷൻ 2040ന്റെ ഭാഗമായാണ് ഇത്തരം സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾ നടപ്പാക്കുന്നത്. പുതുതലമുറക്ക് ബഹിരാകാശ മേഖലയിൽ പുതിയ ചക്രവാളങ്ങൾ തുറന്നുകൊടുക്കാനും രാജ്യത്തിന് ദീർഘകാലാടിസ്ഥാനത്തിൽ പ്രയോജനം ചെയ്യാനും ലക്ഷ്യംവെക്കുന്നതാണ് ഒമാൻ ബഹിരാകാശ പദ്ധതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു