മസ്കത്ത്: ഒമാൻ ബൊട്ടാണിക് ഗാർഡന്റെ 90 ശതമാനം നിർമാണവും പൂർത്തിയായി. അടുത്ത വർഷം പരീക്ഷ ണാടിസ്ഥാനത്തിൽ പ്രവർത്തനം നടത്തുമെന്ന് പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി പറഞ്ഞു. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചില സൗകര്യങ്ങൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. മറ്റുള്ളവ പൂർത്തീകരണത്തിന്റെ അടുത്താണ്.
പദ്ധതിയുടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനനുസരിച്ച് പുരോഗമിക്കുന്നുണ്ട്. അൽ ജിഫ്നൈനിൽനിന്ന് ബൊട്ടാണിക് ഗാർഡനെ ബന്ധിപ്പിക്കുന്ന റോഡ് നടപ്പാക്കുന്നതിലാണ് മന്ത്രാലയത്തിന്റെ മുൻഗണനകളിലൊന്ന്. ബൊട്ടാണിക് ഗാർഡനിലേക്കുള്ള നിലവിലെ പ്രധാന കവാടത്തിലെ തിരക്ക് കുറക്കാനും വിവിധ ഗവർണറേറ്റുകളിൽനിന്ന് വരുന്ന സന്ദർശകർക്ക് പ്രവേശനം സുഗമമാക്കാനും ഈ റോഡ് സഹായിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
സംരംഭകർക്ക് നിക്ഷേപ അവസരങ്ങൾ നൽകുന്ന നിരവധി സൗകര്യങ്ങളും സേവനങ്ങളും ഇതിൽ ഉൾപ്പെടും. സാഹസിക ടൂറിസം സൗകര്യങ്ങളും ഗവേഷണ കേന്ദ്രങ്ങളും പദ്ധതിയിലുണ്ടാകും. നാചുറൽ ഹിസ്റ്ററി മ്യൂസിയം ബൊട്ടാണിക് ഗാർഡൻ സൗകര്യങ്ങളുടെ ഭാഗമായി മാറ്റാനും പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഔദ്യോഗികമായി തുടങ്ങാൻ കൂടുതൽ സമയവും സാമ്പത്തികവും മനുഷ്യവിഭവശേഷിയും ആവശ്യമാണ്. ഈ ആവശ്യങ്ങളെല്ലാം ഉടൻ നിറവേറ്റപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോയൽ ഓപറ ഹൗസ് മസ്കത്ത്, ഒമാൻ എക്രോസ് ഏജസ് മ്യൂസിയം, നാഷനൽ മ്യൂസിയം എന്നിവ പോലെ ഒമാൻ ബൊട്ടാണിക് ഗാർഡനും രാജ്യത്തെ നാഴികക്കല്ലായി മാറുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡനിൽ അഞ്ചു പ്രധാന കെട്ടിടങ്ങളുണ്ട്.
ദോഫാർ പർവതനിരകളുടെ ഹരിതഗൃഹം (ഗ്രീൻ ഹൗസ്), ഹജർ പർവതനിരകളുടെ (ഗ്രീൻ ഹൗസ്), വാഹന പാർക്കിങ് കെട്ടിടം, പുനരുപയോഗ ഊർജ കേന്ദ്രം, പരിസ്ഥിതി കേന്ദ്രം, സന്ദർശക കേന്ദ്രം, വി.ഐ.പി കെട്ടിടം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.
860 മീറ്റർ നീളമുള്ള കേബ്ൾ കാർ ലൈനുകൾ ഏകദേശം പൂർത്തിയായി. ഇത് സന്ദർശകരെ അഞ്ചു മിനിറ്റിനുള്ളിൽ ഗാർഡനിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ പ്രാപ്തരാക്കും. ഏകദേശം 500 പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ നിർമാണവും പൂർത്തിയായി. ഹജർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ദോഫാർ പർവതനിരകളുടെ ഹരിതഗൃഹത്തെയും ബന്ധിപ്പിക്കുന്ന താൽക്കാലിക കാൽനട പാലവും ഗാർഡനിലുണ്ടാകും.
തലസ്ഥാന നഗരമായ മസ്കത്തിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള സീബ് വിലായത്തിലെ അൽ ഖൂദിൽ 423 ഹെക്ടറിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബൊട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. 700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്. ഒമാന്റെ സസ്യ വൈവിധ്യങ്ങൾക്ക് സുസ്ഥിര ഭാവി ഒരുക്കുന്നതിനൊപ്പം ജൈവ സമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബൊട്ടാണിക് ഗാർഡൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
പരിസ്ഥിതിക്ക് അനുയോജ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ബൊട്ടാണിക് ഗാർഡൻ നിർമിക്കുന്നത്. ഗാർഡൻ തുറക്കുന്നതോടെ ഇവിടേക്കും പുറത്തേക്കുമുള്ള ഗതാഗതം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ആകാതിരിക്കാൻ റെസിഡൻഷ്യൽ ഏരിയയിൽനിന്ന് ദൂരെയാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നഴ്സറി, സന്ദർശക കേന്ദ്രം, ഗവേഷണ കേന്ദ്രം, ഫീൽഡ് സ്റ്റഡി സെന്റർ, ഔട്ട്ഡോർ എൻവയൺമെന്റ് സെന്റർ, നോർത്തേൺ മൗണ്ടൻസ് ഇൻഡോർ എൻവയൺമെന്റ്, സതേൺ മൗണ്ടൻസ് ഇൻഡോർ എൻവയൺമെന്റ്, എജുക്കേഷൻ പാർക്ക് എന്നിവയാണ് ബൊട്ടാണിക് ഗാർഡനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനുപുറമേ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങളും കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കും. വിത്തുകളുടെ സംഭരണ കേന്ദ്രമാണ് മറ്റൊരു പ്രത്യേകത. ഒമാനിലെ ഏറ്റവും വലിയ വിത്ത് സംഭരണ കേന്ദ്രമായിരിക്കും ഇത്.
വംശനാശം നേരിടുന്ന ചെടികളുടെ വിത്തുകൾ കാലങ്ങളോളം ശാസ്ത്രീയമായി സൂക്ഷിക്കുന്നതിനുള്ള സംവിധാനം വിത്ത് സംഭരണ കേന്ദ്രത്തിലൊരുക്കും. ഒമാന്റെ തനത് സസ്യ വൈവിധ്യങ്ങളെ കണ്ടെത്തി, കൃഷി ചെയ്ത് സംരക്ഷിക്കുന്നതും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. നിർമാണം പൂർത്തിയാകുന്നതോടെ എല്ലാ സീസണിലും സന്ദർശകരെത്തുന്ന ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബൊട്ടാണിക് ഗാർഡൻ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു