ആലപ്പുഴ: പതിനാലുകാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയായ യൂസഫിന്റെ മകനും പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ബര്‍ക്കത്തലിക്കാണ് മര്‍ദ്ദനമേറ്റത്. മുതുകില്‍ ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കുടുംബം പൊലീസിനെതിരെ ബാലാവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. രണ്ടു ദിവസം മുന്‍പ് കുട്ടി സ്‌കൂട്ടര്‍ ഓടിച്ച് പോകുമ്പോള്‍ മണ്ണഞ്ചേരിയില്‍ വച്ച് എതിരെ വന്ന ഒരു പെണ്‍കുട്ടിയുടെ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ തന്റെ ഭാഗത്താണ് തെറ്റെന്നും താന്‍ എതിര്‍ദിശയിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
അന്ന് തന്നെ പ്രശ്‌നം പറഞ്ഞ് തീര്‍ത്തിരുന്നതാണ്. എന്നാല്‍ അടുത്തദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബര്‍ക്കത്തലിയെ അന്വേഷിച്ച് വീട്ടില്‍ വന്നു. തുടര്‍ന്ന് വീട്ടുടമയുമായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംസാരിച്ചു. പിന്നാലെയാണ് ബര്‍ക്കത്തലിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. മാതാപിതാക്കളെ സ്റ്റേഷന് പുറത്ത് നിര്‍ത്തിയ ശേഷം അകത്ത് വച്ച് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതാണ് പരാതി.
കുട്ടിയെ ആറുമണിക്കൂറോളം നേരം പൊലീസ് കസ്റ്റഡിയില്‍ വച്ചു. കുട്ടിയുടെ മുതുകില്‍ ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.കുട്ടിയുടെ ദേഹത്ത് പരിക്കേറ്റ പാടുകളുണ്ട്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാര്യം അറിയില്ലായിരുന്നുവെന്നും സ്റ്റേഷനില്‍ വച്ച് പൊലീസുകാരോട് കുട്ടി മോശമായി പെരുമാറിയത് കൊണ്ടാണ് മര്‍ദ്ദിക്കേണ്ടി വന്നത് എന്നുമാണ് പൊലീസ് ഭാഷ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു