ആലപ്പുഴ: നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിൽ കടുത്ത സംഘർഷം. പൊലീസ് മർദിച്ചതായും വസ്ത്രങ്ങൾ വലിച്ചു കീറിയതായും സമരക്കാർ ആരോപിച്ചു. സമാധാനപരമായി സമരം നടത്തുകയായിരുന്നു എന്നും എന്തുകൊണ്ടാണ് പൊലീസ് മർദിച്ചത് എന്ന് മനസിലാകുന്നില്ലെന്നും സമരക്കാർ പറഞ്ഞു.
‘പൊലീസുകാരോട് ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾ മരണം വരെയും പ്രതിഷേധിക്കും. പെണ്ണുങ്ങളെ അടിക്കാൻ ആരാണ് പൊലീസിന് അധികാരം കൊടുത്തത്,’ സമരത്തിൽ പങ്കെടുത്ത ഒരു സ്ത്രീ ചോദിച്ചു. വനിതാ പൊലീസ് എന്നോ പുരുഷ പൊലീസ് എന്നോ വ്യത്യാസമില്ലാതെ മർദിച്ചുവെന്നും സമരക്കാർ അറിയിച്ചു.
നൂറനാട് പാലമേൽ മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നടക്കുന്നത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധം നടത്തുന്നത്. കായംകുളം-പുനലൂർ റോഡിലായിരുന്നു പ്രതിഷേധം. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മാവേലിക്കര എംഎൽഎ അരുൺ കുമാർ ഉൾപ്പടെയുളളവർ പങ്കെടുക്കുന്നുണ്ട്.
നേരത്തെ ജനകീയ സമിതിയുടെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനിടയിലും പൊലീസ് പൊലീസ് ലാത്തി വീശുകയും സ്ത്രീകൾ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. 2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു