തിരുവനന്തപുരം : തൊട്ടും ഉമ്മവച്ചും വാത്സല്യം പ്രകടിപ്പിക്കുന്നത് മലയാളികളുടെ ശൈലിയാണ്. സിനിമാ നടനായ സുരേഷ്ഗോപി ധാരാളം അതിസുന്ദരിമാരെ കണ്ടിട്ടുള്ള വ്യക്തിയാണെന്നും അങ്ങനെയൊരാൾ പൊതുമധ്യത്തിൽ അപമര്യാദയായി പെരുമാറി എന്ന് കരുതാനാവില്ലെന്ന് സിപിഎം എംഎല്‍എ ദലീമ ജോജോ. മാധ്യമപ്രവർത്തകയെ അപമാനിച്ചുവെന്ന ആരോപണത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടാണ് ദലീമ രംഗത്തു വന്നത്. അമേരിക്കയിലെ മിയാമിയില്‍ ഈമാസം ആദ്യ വാരം നടന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വനിതാ ഫോറത്തിലായിരുന്നു സിപിഎം എംഎൽഎയുടെ വിവാദ പ്രതികരണം. മാധ്യമ പ്രവർത്തകയും റിപ്പോർട്ടർ ടിവി എക്സിക്യൂട്ടിവ് എഡിറ്ററുമായ സ്മൃതി പരുത്തിക്കാട് സുരേഷ് ഗോപി ചെയ്തത് തെറ്റായിപ്പോയി എന്നഭിപ്രായപ്പെട്ടതിന് മറുപടിയായിട്ടാണ് ദലീമയുടെ പരാമര്‍ശം.
സുരേഷ് ഗോപി ചെയ്തത് തെറ്റാണെന്നും അതിൽ ‘സെക്ഷ്വല്‍ ഇൻ്റൻഷൻ’ ഉണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു സ്മൃതി പരുത്തിക്കാടിന്റെ അഭിപ്രായം. കേസെടുത്തപ്പോള്‍ അത്തരം വകുപ്പുകളൊക്കെയാണ് വന്നിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.കേസിനൊക്കെ പോകേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചാൽ അത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമാണ്. ഈ കേസ് എല്ലാവർക്കും ഒരു പാഠമാണെന്നും സ്മൃതി പറഞ്ഞു.
സ്ത്രീകളോട് മാത്രമല്ല പുരുഷൻമാരായ മാധ്യമ പ്രവർത്തകരോടും സൂരേഷ് ഗോപി അപമര്യാദയായിട്ടാണ് പെരുമാറാറുള്ളത്. മറ്റുള്ളവർക്ക് ഒന്നുമറിയില്ലെന്നും തനിക്കെല്ലാം അറിയമെന്ന ഭാവത്തിലാണ് മാധ്യമപ്രവർത്തകരോടുള്ള പെരുമാറ്റം. ആ സ്പർശം മാധ്യമ പ്രവർത്തകയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ബുദ്ധിമുട്ട് തന്നെയാണ്. പുരുഷൻമാരായ മാധ്യമ പ്രവർത്തകരും അവിടെയുണ്ടായിരുന്നു. അവരെ അനിയാ എന്ന് വിളിച്ച് തോളിൽ കയ്യിട്ടും കയ്യിൽ പിടിച്ചും വാത്സല്യം പങ്കുവെക്കാത്തത് എന്ത് കൊണ്ടായിരുന്നുവെന്നും സ്മൃതി ചോദിച്ചു. താനും ഇത്തരത്തിൽ അപമാനം നേരിട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
സ്മൃതി പറഞ്ഞത് ശരിയാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു ദലീമ തൻ്റെ പ്രതികരണം ആരംഭിച്ചത്. നാല് പെൺകുട്ടികളുടെ അച്ഛനായ സുരേഷ് ഗോപി ഒരിക്കലും അങ്ങനെ ഒരു ഉദ്ദേശത്തോടെ പെരുമാറുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ദലീമ കൂട്ടിച്ചേർത്തു.
“സിനിമ ലോകം എന്ന് പറഞ്ഞാൽ സാധാരണ അനവധി സൗന്ദര്യമുള്ള സ്ത്രീകളുള്ള ലോകമാണ്. നമ്മൾ സാധാരണക്കാരെപ്പോലെയല്ല, ഒരു നടനും കൂടിയാണ് അദ്ദേഹം. ഒരു തെറ്റായ ചിന്തഗതിയിൽ ഒരു സ്ത്രീയെ തൊട്ടെന്ന് വരാൻ സാധ്യത കുറവാണ്. അങ്ങനെയാണ് എനിക്ക് തോന്നിയത്. സിനിമക്കാർ അതിസൗന്ദര്യമുള്ളവരെ കാണുന്നവരാണല്ലോ. തെറ്റായി ചിന്തിച്ചെന്ന് എനിക്ക് തോന്നുന്നില്ല. എന്ന് വെച്ച് മറ്റൊരു സ്ത്രീയോട് സ്വാതന്ത്ര്യത്തിൽ സ്പർശിച്ച് കൊണ്ട് സംസാരിക്കുക എന്നത് അതിഷ്ടപ്പെടാത്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതിനെ ഞാൻ ന്യായീകരിക്കുന്നതല്ല. എനിക്ക് തോന്നിയതും സിനിമ നടൻ എന്ന നിലയിലും നാല് പെൺകുഞ്ഞുങ്ങളുടെ അച്ഛൻ എന്ന നിലയിലും ഒരിക്കലും, ഒരു കാരണവശാലും തെറ്റായിട്ട് പോകാൻ സാധ്യതയില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്”.- ദലീമ പറഞ്ഞു
ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നു; ഗാസയിൽ മൂന്ന് ആശുപത്രികൾക്ക് നേരം വീണ്ടും വ്യോമാക്രമണം
ഞാൻ ഒന്ന് കയ്യിൽ പിടിച്ച് അല്ലെങ്കിൽ തൊട്ട് സ്വാന്തനം കൊടുക്കാൻ ശ്രമിക്കുന്നവളാണ്. അതൊരു തെറ്റായി ഞാൻ ചിന്തിക്കുന്നില്ല. സുരേഷ് ഗോപിയുടെ കാര്യം പറഞ്ഞപ്പോൾ പറഞ്ഞതാണ്. അതിലൊരു തെറ്റുണ്ടെന്ന് ഞാൻ ചിന്തിക്കുന്നില്ല. അതൊരു മലയാളിയുടെ ശൈലിയാണ്. മതങ്ങളെല്ലാം പഠിപ്പിക്കുന്നത് സപർശിക്കണം, സ്നേഹം കൊടുക്കണം എന്നാണ്. അങ്ങനെയല്ലേ പഠിപ്പിക്കുന്നത്… പല മത വിഭാഗങ്ങളിലും പ്രസംഗിക്കുമ്പോൾ അങ്ങനെയാണ് പറയാറുള്ളത്. ഒരു കുഞ്ഞിനെ താലോലിക്കുമ്പോൾ എന്താണ് ചെയ്യുക. ഒന്ന് തൊട്ട് ..ഉമ്മ വെച്ച്… ഇത് നമ്മൾ മലയാളികളുടെ ശൈലിയാണ്. അങ്ങനെ പഠിച്ച് വളർന്നവരാണ് നമ്മൾ ഓരോരുത്തരും. അവിടെ സംഭവിച്ചതും അങ്ങനെയാവാനാണ് സാധ്യതയെന്നാണ് ഞാൻ ചിന്തിക്കുന്നത്. തെറ്റായിട്ടാണെങ്കിൽ തെറ്റ് തന്നെയാണ്. അത് തിരുത്തപ്പെടേണ്ടതാണ്. ചില വ്യക്തിത്വങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ…. (വാചകം പൂര്ത്തിയാക്കുന്നില്ല )- ആ സമയത്ത് ആരും ചിന്തിക്കുന്നില്ലല്ലോ. അങ്ങനെയല്ലേ, ആരും ചിന്തിക്കുന്നില്ലല്ലോ. സുരേഷ് ഗോപി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്” ” – ദലീമ പറഞ്ഞു.
അതേസമയം, കേരളത്തിലുൾപ്പെടെ സ്ത്രീകൾക്ക് ഇപ്പോഴും വിവേചനമുണ്ടെന്നും പൂർണസുരക്ഷ ഇല്ലെന്നും ദലീമ അഭിപ്രായപ്പെട്ടു. ഇന്നും ഇതിന് മാറ്റം വന്നിട്ടില്ല. രാത്രിയിൽ സുരക്ഷിതമായി ഇപ്പോഴും സ്ത്രീക്ക് ഇറങ്ങി നടക്കാനാവുന്നില്ലെന്നും സിപിഎം എംഎൽഎ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു