തിരുവനന്തപുരം: ദൈനംദിന ആവശ്യങ്ങൾക്കു പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. ഇക്കാര്യം ഇന്നലെ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ തുറന്നു പറഞ്ഞു.കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ മുടങ്ങിയ കേസിലായിരുന്നു ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. നിങ്ങളുടെ ആഘോഷങ്ങളെക്കാൾ ദുരിതം അനുഭവിക്കുന്നവർക്കാണ് പ്രാധാന്യം നൽകേണ്ടതെന്നായിരുന്നു ഇതിന് ഹൈക്കോടതിയുടെ മറുപടി.
പിന്നാലെ, കേന്ദ്രത്തിന്റെ അതിതീവ്ര സാമ്പത്തിക അതിക്രമത്തിന് സംസ്ഥാനം ഇരയാകുന്നതായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി രംഗത്തെത്തി. കേന്ദ്രനടപടികൾ കാരണം വരുമാനത്തിൽ 57,400 കോടി രൂപയുടെ കുറവ് ഉണ്ടായതായി മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ സുപ്രീംകോടതിയിൽ കേസുകൊടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
read also ഇഡി റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം; കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് എൻ. ഭാസുരാംഗൻ ആശുപത്രിയിൽ
ഈ വർഷം ഡിസംബർ വരെ 21,852 കോടി രൂപ കടമെടുക്കാനായിരുന്നു കേന്ദ്രാനുമതി. 21,800 കോടിയും കടമെടുത്തു. 52 കോടി മാത്രമേ കടംവാങ്ങാൻ ബാക്കിയുള്ളൂ.പ്രതിസന്ധി മറികടക്കാൻ അടിയന്തര കേന്ദ്രസഹായമാണ് ഏക പോംവഴിയെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുത്ത വായ്പകൾ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി കടമെടുപ്പ്പരിധി കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.
കേരളത്തിന്റെ മൊത്തം ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് കടമെടുക്കാവുന്നത്. ഇത് നാല് ശതമാനമാക്കിയാൽ ഇനി 4,550കോടികൂടി കടമെടുക്കാനാകും. ജി.എസ്.ടി നഷ്ടപരിഹാരം നിറുത്തിയതുമൂലം 12,000 കോടി രൂപയും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിൽ 8,400 കോടി രൂപയും 14000കോടി വായ്പവെട്ടിക്കുറച്ചതും കേന്ദ്രഗ്രാന്റിൽ 6000കോടി കുറച്ചതും ഉൾപ്പെടെ 40000കോടി കേന്ദ്രസർക്കാർ നിഷേധിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു