പലസ്തീന്‍: പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മഹ്‌മൂദ് അബ്ബാസിനെ ലക്ഷ്യമിട്ട് വാഹനങ്ങള്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഏറ്റുമുട്ടലില്‍ അബ്ബാസിന്റെ അംഗരക്ഷകരില്‍ ഒരാള്‍ക്ക് വെടിയേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം വെസ്റ്റ് ബാങ്കിലെ ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍’ സംഘടന ഏറ്റെടുത്തിട്ടുണ്ട്.
ഞായറാഴ്ച വെസ്റ്റ് ബാങ്കില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തിയിരുന്നു.ഇതില്‍ ഗാസയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ അബ്ബാസ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ഒരു മാസമായി ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം തുടരുകയാണ്.ഇതിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെതിരെ നടപടിയെടുക്കാന്‍ മഹമൂദ് അബ്ബാസിന് ‘സണ്‍സ് ഓഫ് അബു ജന്‍ഡാല്‍’ 24 മണിക്കൂര്‍ സമയം അനുവദിച്ചു. എന്നാല്‍ ഈ സമയപരിധി അവസാനിച്ചതോടെ അദ്ദേഹത്തിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെടുകയായിരുന്നു.
അതേസമയം ഹമാസും ഇസ്രായേലും തമ്മില്‍ യുദ്ധം തുടരുന്നതിനിടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി . മിഡില്‍ ഈസ്റ്റ് ഭീകരതയുടെ അച്ചുതണ്ടില്‍ വീഴുകയാണെങ്കില്‍ അടുത്തത് യൂറോപ്പ് ആയിരിക്കും. ആരും സുരക്ഷിതരായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് നാഗരികതയും പ്രാകൃതത്വവും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
read also…പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 59 കാരന് വധശിക്ഷ
ഹമാസിന്റെ അവസാനം വരെ യുദ്ധം നിര്‍ത്തില്ല. തീവ്രവാദത്തിന്റെ അച്ചുതണ്ട് ഇറാനാണ് നയിക്കുന്നത്. ഇതില്‍ ഹിസ്ബുല്ലയും ഹമാസും ഹൂതികളും അവരുടെ മറ്റ് സഹായികളും ഉള്‍പ്പെടുന്നുവെന്നും നെതന്യാഹു ആരോപിച്ചു. ഇസ്രായേലിനെതിരെ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണമാണ് നിലവിലെ യുദ്ധത്തിന് തുടക്കമിട്ടത്. അന്ന് ഇസ്രായേലില്‍ 1400 പേര്‍ മരിച്ചു.കടുത്ത തിരിച്ചടിയാണ് ഇസ്രായേല്‍ നടത്തിയത്. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ തുടര്‍ച്ചയായി വ്യോമ, കര ആക്രമണം നടത്തുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു