കൊച്ചി: നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനും സ്വപ്ന സുരേഷിനും പിഴ ചുമത്തി കസ്റ്റംസ്. സ്വപ്നക്ക് ആറു കോടി രൂപയും ശിവശങ്കറിന് 50 ലക്ഷം രൂപയും പിഴ ചുമത്തി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ രാജേന്ദ്ര കുമാറാണ് ഉത്തരവിറക്കിയത്. രണ്ട് മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം കേസിൽ 44 പ്രതികൾക്ക് ആകെ 66.60 കോടിയാണ് പിഴയിട്ടത്.
2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്നും 14.82 കോടി രൂപ വില വരുന്ന 30 കിലോഗ്രാം സ്വർണം പിടികൂടിയത്.
പിടിച്ചെടുത്ത സ്വർണത്തിനു പുറമേ, നയതന്ത്ര ബാഗേജ് കള്ളക്കടത്തു സംഘം 2019 നവംബറിനും 2020 മാർച്ചിനും ഇടയിൽ 46.50 കോടി രൂപ വിലവരുന്ന 136.828 കിലോഗ്രാം സ്വർണം കടത്തിയെന്ന് വ്യക്തമാണെന്ന് ഉത്തരവിലുണ്ട്.
അതേസമയം, ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാം. ട്രിബ്യൂണലിന് ഉത്തവ് ശരിവെയ്ക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം.ഇതുകൂടാതെ ഡോളർ കടത്ത് കേസിൽ സ്വപ്നയും ശിവശങ്കറും 65 ലക്ഷം രൂപ വീതവും പിഴയടക്കണം. കസ്റ്റംസ് പ്രിവന്റിവ് കമീഷണർ രാജേന്ദ്ര കുമാറിന്റേതാണ് ഉത്തരവ്.
















