സാന്‍ഫ്രാന്‍സിസ്‌കോ: പരസ്യങ്ങള്‍ തടയുന്ന ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയതോടെ ഉപഭോക്താക്കളെ കൂട്ടമായി നഷ്ടപ്പെട്ട് ആഡ് ബ്ലോക്കര്‍ ആപ്പുകള്‍. ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്നുണ്ടെന്ന് വിവിധ ആഡ് ബ്ലോക്കിങ് കമ്പനികള്‍ പറയുന്നു. യൂട്യൂബ് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
യൂട്യൂബ് വീഡിയോകള്‍ക്കൊപ്പം കാണിച്ചിരുന്ന പരസ്യങ്ങള്‍ തടയുന്നതിനായാണ് ഉപഭോക്താക്കള്‍ ആഡ് ബ്ലോക്കര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത്. യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമേ പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ കഴിയുകയുള്ളൂ. യൂട്യൂബ് വരിക്കാരാവാത്തവര്‍ക്കും, ലോഗിന്‍ ചെയ്യാത്തവര്‍ക്കും പരസ്യങ്ങള്‍ കാണേണ്ടിവരും. ഇത് മറികടക്കുന്നതിനാണ് പലരും ആഡ് ബ്ലോക്കര്‍ ആപ്പുകള്‍ ഉപയോഗിച്ചിരുന്നത്. ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വീഡിയോകള്‍ മാത്രമേ യൂട്യൂബില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ശേഷം യൂട്യൂബ് അവരെ വീഡിയോകള്‍ കാണുന്നതില്‍ നിന്ന് വിലക്കും.
Read also: മഴ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദേശം
ഒക്ടോബര്‍ ഒമ്പത് മുതല്‍ ദിവസേന ഏകദേശം 11000 പേര്‍ തങ്ങളുടെ ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തുവെന്ന് ആഡ് ഗാര്‍ഡ് എന്ന കമ്പനി പറയുന്നു. യൂട്യൂബ് നിയന്ത്രണം അവതരിപ്പിക്കുന്നതിന് മുമ്പ് ദിവസേന 6000 അണ്‍ഇന്‍സ്റ്റാളുകളാണ് ഉണ്ടായിരുന്നതെന്ന് കമ്പനി പറയുന്നു. മറ്റൊരു ആഡ് ബ്ലോക്കര്‍ സേവനമായ ആഡ് ലോക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റേയും, അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെയും എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടായി. ഗോസ്റ്ററി എന്ന ആഡ് ബ്ലോക്കിങ് കമ്പനിയുടെയും ഇന്‍സ്റ്റാള്‍ അണ്‍ ഇന്‍സ്റ്റാള്‍ നിരക്കുകളില്‍ മൂന്ന് മുതല്‍ അഞ്ച് വരെ വര്‍ധനവുണ്ടായി.
ഇവര്‍ നടത്തിയ സര്‍വേയില്‍ 90 ശതമാനം പേരും ആഡ് ബ്ലോക്കര്‍ യൂട്യൂബില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തത് എന്നാണ് പറഞ്ഞതെന്നും കമ്പനി പറയുന്നു. അതേസമയം ക്രോം ബ്രൗസര്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ യൂട്യൂബിന്റെ നിയന്ത്രണം ബാധകമാവുക. ഇക്കാരണത്താല്‍ പലരും മൈക്രോസോഫ്റ്റ് എഡ്ജ് പോലുള്ള മറ്റ് ബ്രൗസറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
2200 കോടി ഡോളറിന്റെ പരസ്യമാണ് യൂട്യൂബ് ഈ വര്‍ഷം വിറ്റത്. ഗൂഗിളിന്റെ ആകെ വില്‍പനയില്‍ 10 ശതമാനമാണിത്. യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് പരസ്യ വില്‍പനയുടെ 55 ശതമാനമാണ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്ക് ലഭിക്കുക. ഷോര്‍ട്സിന് 45 ശതമാനവും. ഈ വര്‍ഷം പ്രീമിയം സബ്സ്‌ക്രിപ്ഷനിലൂടെ 270 കോടി ഡോളറിന്റെ വില്‍പന നടക്കുമെന്നാണ് ഇന്‍സൈഡര്‍ ഇന്റലിജന്‍സ് എന്ന സ്ഥാപനത്തിന്റെ വിലയിരുത്തല്‍.
Read also: മഴ ശക്തമാകും; നാല് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്: ജാഗ്രതാ നിര്‍ദേശം