എതിരാളികളായ സ്ഥാപനങ്ങളേയും, സ്ഥാപനമേധാവികളേയും പരിഹസിക്കുന്നത് ഇലോണ്‍ മസ്‌കിന് പുത്തരിയല്ല. ഇപ്പോഴിതാ പ്രധാന എതിരാളികളിലൊന്നായ മെറ്റയുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് നേരെയാണ് മസ്‌കിന്റെ പരിഹാസം. മെറ്റ അടുത്തിടെ അവതരിപ്പിച്ച ത്രെഡ്സ് പ്ലാറ്റ്ഫോം സക്കര്‍ബര്‍ഗ് ഉപയോഗിക്കാതിരിക്കുന്നതിനെതിരെയാണ് മസ്‌കിന്റെ കളിയാക്കല്‍. ജോ റോഗന്‍ എക്സ്പീരിയന്‍സ് പോഡ്കാസ്റ്റിലാണ് മസ്‌ക് സക്കര്‍ബര്‍ഗിനെ കുറിച്ചും മെറ്റയെയും ത്രെഡ്സിനെയും കുറിച്ച് സംസാരിച്ചത്.
ത്രെഡ്സ് ഒരു ‘പ്രേത നഗരം’ ആണെന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. ഭയാനകരമായ നിശബ്ദതയാണ് അവിടെയെന്നും അദ്ദേഹം പറയുന്നു. ‘സക്കര്‍ബര്‍ഗ് തന്നെ അവിടെ പോസ്റ്റ് ചെയ്യുന്നില്ല. നിങ്ങള്‍ നിങ്ങളുടെ തന്നെ ഉല്പന്നം ഉപയോഗിക്കണം.’ മസ്‌ക് പറയുന്നു. എന്നാല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ ഏഴ് ദിവസം മുമ്പാണ് സക്കര്‍ബര്‍ഗ് അവസാനമായി ത്രെഡ്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ ഉപഭോക്താക്കളുടെ പോസ്റ്റുകളില്‍ പലതിനും അദ്ദേഹം കമന്റ് ചെയ്യാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുമ്പും സക്കര്‍ബര്‍ഗ് ത്രെഡ്സില്‍ സജീവമല്ലാത്തതിനെ മസ്‌ക് കളിയാക്കിയിട്ടുണ്ട്.
എന്നാല്‍ ഫേസ്ബുക്ക് ജനപ്രിയമായിരുന്ന കാലത്ത് പോലും മസ്‌കിനെ പോലെ നിരന്തരം പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നയാളല്ല സക്കര്‍ബര്‍ഗ്. ത്രെഡ്സിലും അതേ രീതിയാണ് സക്കര്‍ബര്‍ഗ് തുടരുന്നത്. ട്വിറ്ററിന് സമാനമായ രൂപകല്‍പനയിലാണ് സക്കര്‍ബര്‍ഗ് ത്രെഡ്സ് അവതരിപ്പിച്ചത്. ആരംഭത്തില്‍ ഉപഭോക്താക്കളുടെ വലിയ കുത്തൊഴുക്ക് ത്രെഡ്സില്‍ ഉണ്ടായെങ്കിലും അത് നിലനിര്‍ത്താന്‍ ത്രെഡ്സിന് സാധിച്ചിട്ടില്ല. ഇന്‍സ്റ്റാഗ്രാമുമായി ചേര്‍ത്താണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനം. ത്രെഡ്സിന് പത്ത് ലക്ഷത്തില്‍ താഴെ ഉപഭോക്താക്കളാണ് ഉള്ളത് എന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു