രാജ്യത്ത് ഇന്ന് മാംസാഹാരം കഴിക്കുന്നവർ 71 ശതമാനവും കേരളത്തിൽ ഇത് 97 ശതമാനവും ആണ്. മാംസാഹാരപ്രിയർ വളരെ കൂടുതലുള്ള നമ്മുടെ നാട്ടിൽ ഇന്ന് കിട്ടുന്ന മാംസത്തിന്റെയും മാംസാഹാരത്തിന്റെയും ഗുണനിലവാരത്തെക്കുറിച്ച് പലപ്പോഴും ആശങ്കപ്പെടാറുണ്ട്. ശാസ്ത്രീയമല്ലാത്ത അറവുശാലകളും അറവുകളും മതിയായ പരിശോധന ഇല്ലായ്‌മയും വൃത്തിഹീനമായ ചുറ്റുപാടുകളിൽ ഭക്ഷണം പാകം ചെയ്യുന്നതും മലിനമായ ചുറ്റുപാടിൽ ഭക്ഷണപദാർഥം സൂക്ഷിച്ചുവെക്കുന്നതും പാചകമുറിയിൽ വ്യക്തിശുചിത്വം പാലിക്കാതെ ഭക്ഷണം ഉണ്ടാക്കുന്നതും തുടങ്ങി പലകാരണങ്ങൾകൊണ്ട് മാരകമായ അസുഖങ്ങൾ പിടിപെടാം. അടുത്തകാലത്ത് വളരെയധികം ജനശ്രദ്ധ നേടിയതാണ് ഷവർമയും അൽഫാം ചിക്കനുമൊക്കെ കഴിച്ചുണ്ടായ അത്യാഹിതങ്ങൾ. ഇത്തരം ഭക്ഷണപദാർഥങ്ങൾ വിഷമയമാകുമ്പോൾ വന്നുചേരുന്ന ചില രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കാം.
അൽഫാം ചിക്കൻ
അൽഫാം ഒരു അറബി ഗ്രിൽഡ് ചിക്കനാണ്. മിഡിൽ ഈസ്റ്റിലെ വളരെ ജനപ്രിയവിഭവമാണിത്. കാരണം ഇത് അറേബ്യൻ മസാലകൾ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുകയും കരി ഗ്രില്ലിലോഅടുപ്പിലോ ബാർബിക്യൂ ചെയ്യുകയും ചെയ്ത് എടുക്കുന്നതുമാണ്. മാരിനേറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന മസാലകൾ അണുവിമുക്തമാകണം. റഫ്രിജറേറ്റിൽ സൂക്ഷിക്കുമ്പോൾ കൃത്യമായ സമയം അനുവദിക്കണം. അടുപ്പത്തുവെച്ചു ഗ്രിൽ ചെയ്യുമ്പോൾ 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുകയും അമർത്തുകയും ചെയ്യണം. ഏകദേശം 45 മുതൽ 50 മിനിറ്റ് വരെ വശങ്ങൾ തിരിഞ്ഞ് ഗ്രിൽ ചെയ്യണം. അതാണ് അൽഫാം ആക്കുന്നത്. ശാസ്ത്രീയമായ പാചകം നിർവഹിക്കണം.
ഷവർമ
ഒരു ജനപ്രിയ വിഭവമാണ് ഷവർമ. മാംസം നേർത്ത കഷ്ണങ്ങളാക്കി മുറിച്ചതും കോൺപോലെയുള്ള ആകൃതിയിൽ അടുക്കി സാവധാനം തിരിയുന്ന ലംബമായ റോട്ടിസറിയിൽ വറുത്തെടുക്കുന്നതും ആണിത്. യഥാർഥത്തിൽ ആട്ടിൻകുട്ടിയുടെ മാംസം കൊണ്ടോ ആട്ടിറച്ചിയോ ഉപയോഗിച്ചാണ് നിർമിച്ചിരുന്നത് , ഇപ്പോൾ ഇത് ചിക്കൻ, ടർക്കി, ബീഫ് അല്ലെങ്കിൽ കിടാവിന്റെ മാംസം കൊണ്ടും നിർമിക്കുന്നു. തുടർച്ചയായി കറങ്ങുമ്പോൾ പാകംചെയ്ത പ്രതലത്തിൽ നിന്ന് നേർത്ത കഷ്ണങ്ങൾ ഷേവ് ചെയ്യപ്പെടുന്നു. നന്നായി വേവാത്ത മാംസവുംകൂടി മുറിച്ചെടുക്കുമ്പോഴും മിച്ചംവരുന്ന മാംസം അടുത്ത ദിവസങ്ങളിലേക്ക് ശാസ്ത്രീയമായി സൂക്ഷിക്കാതെ വരുമ്പോഴുമാണ് രോഗംപകരാൻ ഇടയാകുന്നത്.
രോഗങ്ങളെപ്പറ്റി അറിയാം
സാൾമോണെല്ല (സാൾമോണല്ലോസിസ്)
ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സാൽമൊണല്ല അണുബാധ സാധാരണയായി ചെറുകുടലിനെ ബാധിക്കുന്നു. ഇതിനെ സാൽമൊണല്ല എന്ററോകോളിറ്റിസ് എന്നും വിളിക്കുന്നു. ഭക്ഷ്യവിഷബാധയുടെ ഏറ്റവും സാധാരണമായ ഇനങ്ങളിൽ ഒന്നാണിത്. ഇവ ബാധിച്ച മൃഗങ്ങളുടെ മാംസം നന്നായി പാകം ചെയ്യാതെ കഴിക്കുന്നതിലൂടെ രോഗംപകരാം.ഇറച്ചി പൂർണമായി വെന്തില്ലെങ്കിൽ അണുക്കൾ ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണമെന്നില്ല, നല്ലതാണെന്ന് തോന്നിക്കുന്ന മാംസത്തിലും അണുക്കൾ ഉണ്ടാവാം . ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ഈ അണുക്കൾ നശിക്കണമെങ്കിൽ ചുരുങ്ങിയത് 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്തുമിനിറ്റോ, 55ഡിഗ്രിയിൽ ഒരു മണിക്കൂർ അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂർ എന്നീരിതിയിൽ. ഇല്ലെങ്കിൽ അണുക്കൾ നശിക്കാതെ മാംസത്തിൽ ഇരിക്കുകയും ഭക്ഷണംവഴി ശരീരത്തിൽ കയറുകയും ചെയ്യും. നമ്മുടെ അടുക്കളയിൽ നന്നായി തിളപ്പിക്കുമ്പോഴും വേവിക്കുമ്പോഴും 100 ഡിഗ്രിയിൽ അധികം ചൂടുലഭിക്കുന്നതുകൊണ്ട് ഇവയിൽ അടങ്ങിയ അണുക്കൾ ചാകുന്നുണ്ട്.
ഷിഗെല്ല ( ഷിഗെല്ലോസിസ് )
ഷിഗെല്ല അണുബാധ അല്ലെങ്കിൽ ഷിഗെല്ലോസിസ് എന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണവും വയറിളക്കമാണ്, ഇത് പലപ്പോഴും രക്തരൂക്ഷിതമായതാണ്. ഇതും ബാക്റ്റീരിയ മൂലമുണ്ടാകുന്ന ഒരു കുടൽ അണുബാധയാണ്. ഷിഗെല്ല ബാധിച്ച ഒരാളുടെ മലത്തിൽ നിന്ന് ചെറിയ അളവിൽ ബാക്ടീരിയകൾ മറ്റുള്ളവരിലേക്ക് സമ്പർക്കംമൂലം പകരുമ്പോഴാണ് ഈ രോഗംബാധിക്കുക. ഷിഗല്ല ബാക്ടീരിയ അണുബാധയുള്ള ഭക്ഷണത്തിലൂടെയോ, സുരക്ഷിതമല്ലാത്ത വെള്ളത്തിൽ, നീന്തുകയോ കുടിക്കുകയോ ചെയ്യുന്നതിലൂടെയും പകരാവുന്നതാണ് .
ഇ.കോളി
ഈ. കോളി ബാക്ടീരിയകൾ സാധാരണയായി ആരോഗ്യമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലിൽ വസിക്കുന്നു. മിക്ക തരത്തിലുള്ള ഇ.കോളികളും നിരുപദ്രവകരമാണ്. ചിലസമങ്ങളിൽ കഠിനമായ വയറുവേദന ,രക്തരൂക്ഷിതമായ വയറിളക്കം, ഛർദ്ദി എന്നിവയ്ക്ക് ഇത് കാരണമാകും. ഇത് വിസർജ്യത്തിൽ കൂടി പുറത്ത് വന്ന് പരിസരം മലിനമാക്കുന്നു.അണുബാധയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് മലിനമായ മാട്ടിറച്ചി. ചാണകം വഴി പശുവിന്റെ അകിടിലോ കറവ പാത്രങ്ങളിലൊ കാണപ്പെടുന്ന ഇ.കോളി ബാക്ടീരിയകൾ കറവ സമയത്ത് അസംസ്കൃത പാലിൽ എത്താം. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ ഭൂമിയുടെ ഉപരിതലത്തിലും.ജലത്തെയും മലിനമാക്കും. നിലത്ത് വീണതും അണുക്കൾ കലർന്നതുമായ പഴങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച പാസ്റ്ററൈസ് ചെയ്യാത്ത ജ്യൂസോ ഇലക്കറികളോ കഴിക്കുന്നതിലൂടെയും പകരാം .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















