ചെന്നൈ: ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന അഭ്യൂഹങ്ങൾ വീണ്ടും സജീവം. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ലിയോ’യുടെ വിജയാഘോഷച്ചടങ്ങിനിടെ, ചിത്രത്തില്‍ വില്ലൻ വേഷം അവതരിപ്പിച്ച ആക്ഷന്‍ കിംഗ് അർജുനാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വീണ്ടും സൂചന നൽകിയത്.
വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന്, അദ്ദേഹം വേദിയിലിരിക്കെ അർജുൻ പ്രഖ്യാപിച്ചു.
‘‘കുട്ടിക്കാലം മുതൽ വിജയിനെ ശ്രദ്ധിക്കുന്നതാണ്. വളരെ നാണംകുണുങ്ങിയായ ഒരു മനുഷ്യൻ. പക്ഷേ ഇന്ന് തമിഴ് സിനിമയെ എന്നല്ല, ഇന്ത്യൻ സിനിമയെത്തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് അദ്ദേഹം വളർന്നിരിക്കുന്നു. എന്നും ലാളിത്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്. നടൻമാരിൽ ശിവാജി ഗണേശനു ശേഷം ഇത്രയും സമയനിഷ്ഠ പുലർത്തുന്ന മറ്റൊരാളില്ല.
എത്രയോ വർഷങ്ങളായി നിശബ്ദത എന്ന ആയുധം അദ്ദേഹം തന്റെ ആവനാഴിയിൽ സൂക്ഷിച്ചുവച്ചിരിക്കുന്നു. പ്രതികരിക്കണമെന്നു തോന്നുമ്പോഴെല്ലാം അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. വിജയ് ഉടൻ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കും. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഏറ്റവും അത്യാവശ്യം. വിജയ്ക്ക് അതുണ്ട്’’ – അർജുൻ പറഞ്ഞു.
ഒക്ടോബർ 17ന് റിലീസ് ചെയ്ത ‘ലിയോ’ 600 കോടി ക്ലബ്ബിലേക്ക് അടുക്കുമ്പോഴാണ് വിജയിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാകുന്നത്. അടുത്തിടെ താരം തന്‍റെ ആരാധക സംഘമായ വിജയ് മക്കൾ ഇയക്കം ജില്ലാ – മണ്ഡലം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ ശക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ അഭിനയം പൂർണമായും ഉപേക്ഷിക്കുമെന്നു വിജയ് അറിയിച്ചതായി യോഗത്തിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















