തിരുവനന്തപുരം: ടൂറിസം മേഖലയിൽ കേരളത്തിനുള്ളത് അനന്തമായ സാധ്യതയാണെന്നും സംസ്ഥാനത്തെ ഒരു സ്ഥലത്തെ പോലും ടൂറിസത്തിൽ നിന്നും ഒഴിവാക്കാനാകില്ലെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിയമസഭാ പുസ്തകോത്സവത്തിനോടനുബന്ധിച്ച് ‘വിനോദ സഞ്ചാര സാധ്യതകൾ: വിവിധ മേഖലകളിലൂടെ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനം, ജലപാതകൾ, പാലങ്ങൾ തുടങ്ങിയവ എല്ലാം വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലേതുപോലെ വശ്യമായ കാനന സൗന്ദര്യം മറ്റെവിടെയും ഇല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വനാന്തരമേഖലയിലെ ടൂറിസത്തെ മുൻനിർത്തിയുള്ള നടപടികളുമായി മുന്നോട്ട് പോയാൽ കേരളത്തിന് വലിയ നേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടൂറിസം വികസനത്തിന് ഏറ്റവും അത്യന്താപേക്ഷിതം അടിസ്ഥാന സൗകര്യ വികസനമാണെന്ന് മുൻ സ്പീക്കറും കെ.ടി.ഡി.സി ചെയർമാനുമായ എം വിജയകുമാർ പറഞ്ഞു. ഓരോ കേന്ദ്രങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാനായാൽ വിനോദ സഞ്ചാര മേഖലയിൽ വലിയ ജനപങ്കാളിത്തമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കായിക വിനോദസഞ്ചാര മേഖലയെ മികച്ച രീതിയിൽ ഉപയോഗിക്കാൻ കേരളത്തിന് കഴിയണമെന്ന് കായിക – ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. സ്പോർട്സ് ടൂറിസത്തിന്റെ വ്യാപ്തി ഏറെ വലുതാണ്. വാട്ടർ സ്പോർട്സ് , ബീച്ച് സ്പോർട്സ് മികച്ച രീതിയിൽ നടപ്പാക്കുന്നതിലൂടെ വിദേശ സഞ്ചാരികളുടെ വരവ് വർധിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതിലൂടെ ആഡംബര യാത്രാക്കപ്പലുകൾക്കുള്ള വലിയ സാധ്യതയാണ് തുറന്നു വന്നിരിക്കുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജലപാതകളിലൂടെയുള്ള യാത്ര സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. വിദേശികൾ ഉൾപ്പടെ കൂടുതൽ സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന യാത്രാക്കപ്പലുകൾ കേരളത്തിലേക്ക് എത്തിക്കാൻ സാധിച്ചാൽ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചർച്ചയിൽ മാധ്യമപ്രവർത്തകൻ എൻ പി ചന്ദ്രശേഖരൻ മോഡറേറ്ററായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം