തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എൻ സി ഇ ആർ ടി ശുപാർശയ്‌ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ കുറിച്ചു. സംഘ പരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തെ വക്രീകരിക്കാൻ എൻസിഇആർടിസിയിൽനിന്നും തുടർച്ചയായി ശ്രമം നടക്കുന്നു. ഭരണഘടനാവിരുദ്ധമായ നിർദേശങ്ങൾക്കെതിരെ സമൂഹം രംഗത്തു വരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാർ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശങ്ങളെ കാണേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ല. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരതം’ എന്ന് തിരുത്താനാണ് എന്‍സിഇആര്‍ടി നിയോഗിച്ച സാമൂഹ്യശാസ്ത്ര സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാർ ഭയപ്പെടുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയെന്ന പദത്തോടുള്ള ഈ വെറുപ്പ്.
സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശങ്ങളെ കാണേണ്ടത്. ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കനുകൂലമായ നിലപാടുകളാണ് എൻസിഇആർടിയിൽ നിന്നും തുടർച്ചയായി ഉണ്ടാവുന്നത്. പരിവാർ നിർമ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നതിൽ പാഠപുസ്തക സമിതി വ്യഗ്രത കാട്ടുകയാണ്.
ബഹുസ്വരതയിലും സഹവർത്തിത്വത്തിലുമധിഷ്ഠിതമായ ‘ഇന്ത്യ’യെന്ന ആശയത്തിനെതിരാണ് എക്കാലവും സംഘപരിവാർ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്‍സിഇആര്‍ടി സമിതിയുടെ പുതിയ നിർദ്ദേശം. എൻസിഇആർടി സമിതി സമർപ്പിച്ച പൊസിഷൻ പേപ്പറിലെ ഭരണഘടനാവിരുദ്ധമായ നിർദ്ദേശങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം രംഗത്തുവരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം