പട്ടാമ്പി: വിഭ്രാന്തമായ ജീവിത പ്രകടനത്തിലൂടെ കേരളഭൂവിലെ പന്തിരുകുലത്തിലെ അഞ്ചാമനായ നാറാണത്തു ഭ്രാന്തൻ കല്ലുരുട്ടിക്കയറ്റിയതോടെ ഐതിഹ്യം പേറുന്ന രായിരനെല്ലൂർമല ഭക്തർക്ക് ‘ഭ്രാന്താചല’മായിട്ട് നൂറ്റാണ്ടുകളായി. മലമുകളിലെത്തി അടിവാരക്കാഴ്ചകൾ ആസ്വദിച്ച് ചുറ്റിക്കറങ്ങാനാഗ്രഹിക്കുന്നവരും ഭക്ത്യാദരപൂർവ്വം മലയിൽ ശ്രീദുർഗ്ഗാഭഗവതിയെയും നാറാണത്ത് ഭ്രാന്തനെയും വണങ്ങാനെത്തുന്നവരും ഇത്തവണയും പതിവുപോലെ ഒക്ടോബർ 18ന് മലചവിട്ടും.
വർഷത്തിലെ എല്ലാ തുലാം മാസവും ഒന്നാം തീയതിയാണ് പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം. നാറാണത്തു മനയിലെ ഭക്തനും ശക്തിമാനുമായിരുന്ന ഭ്രാന്തനു മുമ്പിൽ ദുർഗ്ഗ പ്രത്യക്ഷപ്പെട്ട ദിനമാണ് അന്ന്. അതുകൊണ്ടുതന്നെ ആ ഒരു ദിവസം ആയിരക്കണക്കിനു പേരാണ് കേരളത്തിന്റെ നാനാദിക്കിൽ നിന്നും ഇങ്ങോട്ടേയ്‌ക്കെത്താറുള്ളത്. കേരളപുരാവൃത്തത്തിലെ വരരുചിയ്ക്ക് മക്കൾ പത്രണ്ടുണ്ടായിരുന്നെങ്കിലും അവരിൽ ഏറ്റവും ശ്രേഷ്ഠനായിരുന്നു നാറാണത്തു ഭ്രാന്തൻ. ഒരു നിയോഗമെന്നോണം വിഭ്രാന്തി ബാധിച്ച് ചരിത്രപുരുഷനായി മാറിയ ബ്രാഹ്മണൻ.
പ്രവർത്തികളിലെ വൈചിത്രവും പെരുമാറ്റത്തിലെ അസാധാരണത്വവും കൊണ്ട് നാറാണത്തിനെ ആളുകൾ ഭ്രാന്തൻ (സത്യം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവനെ എന്നും ഭ്രാന്തൻ എന്ന് വിളിക്കുന്നു) എന്ന് വിളിച്ചിരുന്നത്. ജീവിതത്തിന്റെ സത്യങ്ങളെ മറനീക്കിപ്പുറത്തുകൊണ്ടുവരാനായി കല്ലുരുട്ടിക്കയറ്റി നാറാണത്ത് ഭ്രാന്തൻ. ഉച്ചവരെ കഠിനാധ്വാനം ചെയ്ത് വലിയ പാറ, മലമുകളിലേയ്ക്ക് ഉരുട്ടിക്കയറ്റുകയും പിന്നെ താഴേയ്ക്ക് തള്ളിയിട്ട് ആനന്ദിക്കുകയും ചെയ്യുമായിരുന്നു ഭ്രാന്തൻ നൽകിയത് മാനവകുലനത്തിന് ചിന്തനീയമായ ഒട്ടേറെ ഗുണപാഠങ്ങളാണ്. കഠിന പ്രയത്നം ചെയ്താൽ മാത്രമേ ഏതൊരാൾക്കും വിജയത്തിലെത്താൻ കഴിയു. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഉന്നത സ്ഥാനത്തു നിന്ന് നിലംപതിക്കാൻ നിഷ്പ്രയാസം കഴിയും. സൽപ്പേരു സമ്പാദിക്കാൻ ഒട്ടേറെ ബുദ്ധിമുട്ടണം മറിച്ച് ദുഷ്പേരിനോ നിമിഷ നേരം മാത്രം മതി. സത്യത്തെ കണ്ടെത്തി അട്ടഹസിച്ച ഭ്രാന്തനെ മനുഷ്യർ ആരാധനകഥാപാത്രമാക്കി.
ആയിരത്തഞ്ഞൂറില്പരം വർഷത്തെ ചരിത്രം പേറുന്ന ഇടമാണ് രായിരനെല്ലൂർ. പാലക്കാട് ജില്ലയിലെ ചെത്തല്ലൂരിലായിരുന്നു നാറാണത്ത് മംഗലത്ത് എന്ന ബ്രാഹ്മണകുടുംബം കഴിഞ്ഞിരുന്നത്. ഭ്രാന്തന്റെ ബാല്യം അവിടെയായിരുന്നു. വേദപഠനകാലത്ത് തിരുവേഗപ്പുറയിൽ വച്ച് അദ്ദേഹത്തിന് ചിത്തഭ്രമം ബാധിച്ചതായി ഐതിഹ്യം. ഭ്രമാത്മമായ മനസ്സും വലതുകാലിലെ മന്തും ആയിട്ടൊരു ജീവിതം.
അവസാനം എത്തിപ്പെട്ടത് രായിരനെല്ലൂര്‍ മലയുടെ താഴ്‌വാരത്തിൽ. കുത്തനെ അഞ്ഞൂറടിയിലേറെ ഉയരമുള്ള മല. ഇവിടത്തെ പാറയിൽ പല ഇടങ്ങളിലായി വറ്റാത്ത ചില നീരുറവകളും പാറയുടെ താഴെ ഭ്രാന്തൻ തപസ്സു ചെയ്തിരുന്നു എന്നു പറയപ്പെടുന്ന ഗുഹകളും കാണാം.
മലയിൽ കുടികൊള്ളുന്ന ദുർഗ്ഗാദേവി ഭ്രാന്തന്റെ നിത്യേനയുള്ള കല്ലുരുട്ടിക്കയറ്റലും താഴേയ്ക്കിടലും ശ്രദ്ധിച്ചുപോന്നുവത്രെ. ഭ്രാന്തന് ഇതൊട്ടു മനസ്സിലായതുമില്ല. അങ്ങനെയിരിക്കെ ഒരിയ്ക്കൽ മലമുകളിൽ എത്തിയ ഭ്രാന്തൻ അവിടെയൊരു ആൽമരത്തിലിരുന്നു ഊഞ്ഞാലാടുകയായിരുന്ന ദേവിയെ കണ്ടു.
ദർശനം നൽകിയ ഉടൻ ഭൂമിയിലേയ്ക്ക് അന്തർധാനവും ചെയ്തു. ദുർഗ്ഗാദേവിയെ നാറാണത്ത് ഭ്രാന്തൻ കാണുന്നത് തുലാം മാസം ഒന്നിന്. ഭ്രാന്തന് മുമ്പിൽ ദേവി പ്രത്യക്ഷപ്പെട്ടനുഗ്രഹിച്ച സ്ഥലത്താണ് രായിരനെല്ലൂർ ഭഗവതി ക്ഷേത്രം ഇന്നു സ്ഥിതിചെയ്യുന്നത്. നൂറ്റിയെട്ടു ദുർഗ്ഗാലയങ്ങളിലൊന്നായി ഇതു കരുതപ്പെടുന്നു. ഇത്തവണ ഒക്ടോബർ 15 മുതൽ ലക്ഷാർച്ചനയും നടക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ കൊപ്പം – വളാഞ്ചേരി റൂട്ടിൽ നടുവട്ടത്തെത്തി മലയിലേയ്ക്കുള്ള പാതയിൽ പ്രവേശിയ്ക്കാം. കുത്തനെയുള്ള പാതയിലെ നാനൂറ്റി എഴുപത്തിരണ്ടോളം പടികൾ താണ്ടാൻ ഏകദേശം ഇരുപതു മിനിറ്റുവേണം.
വിഴിഞ്ഞത്ത് ആദ്യ കപ്പല്‍; കേരളത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് മുഖ്യമന്ത്രി
നിത്യേന, ദർശനം പുലർച്ചെ മുതൽ രാവിലെ 8 വരെ മാത്രം. ഞായറാഴ്ചകളിൽ 9 മണിവരെ ക്ഷേത്രം തുറന്നിരിയ്ക്കും. മലമുകളിലെ നാറാണത്തു ഭ്രാന്തന്റെ കരിങ്കൽ ശില്പം ആണ് പ്രധാന ആകർഷണം. പ്രധാന വഴിപാടായി മുട്ടറുക്കൽ നടത്തുന്നു ഭക്തരിവിടെ. ഭ്രാന്തനെ ഭജിച്ചാൽ മനസ്സിലെ ആഗ്രഹങ്ങൾ നടക്കുമെന്ന വിശ്വാസം മനുഷ്യർക്ക്. സന്താനലബ്ധിയ്ക്ക് സ്വർണ്ണം, വെള്ളി ഓട് എന്നിവയിൽ തീർത്ത കിണ്ടിയും ഒട്ടും കമഴ്ത്തുന്നു. ആൺകുട്ടി ജനിയ്ക്കാൻ കിണ്ടി. പെണ്ണിനായി ഓട്ടുകിണ്ടി. ഇതാണ് വിശ്വാസം. ഇതിനു പുറമെ മലർപ്പറ, നെയ്‌വിളക്ക് പായസം വഴിപാടുകളുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം