ആസ്തികളുടെ മൂല്യം ഉയർത്തി കാട്ടി; ട്രംപിന് തിരിച്ചടിയായി ന്യൂയോര്‍ക്ക് ജഡ്ജിയുടെ വിധി

ഹൂസ്റ്റണ്‍: കേസുകളുടെ നൂലാമാലയില്‍ പെട്ട് വലയുകയാണ് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഒന്നിനു പിന്നാലെ മറ്റൊന്നായി ഓരോ കേസുകളും അദ്ദേഹത്തിനു മേല്‍ വന്നു പതിക്കുകയാണ്. രാജ്യദ്രോഹം മുതല്‍ സാദാ കേസ് വരെ നീണ്ടു നില്‍ക്കുന്ന നിയമ പോരാട്ടങ്ങളിലാണ് അദ്ദേഹം. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പോലും വിഘാതമായി കേസുകള്‍ മാറുമോ എന്ന ആശങ്കയാണ് അദ്ദേഹത്തിന്റെ അണികള്‍ക്ക്. 

ഇപ്പോഴിതാ സിവില്‍ കേസില്‍ വിചാരണയ്ക്ക് മുന്നോടിയായി മുന്‍ യുഎസ് പ്രസിഡന്റിന് തിരിച്ചടിയായി ന്യൂയോര്‍ക്ക് ജഡ്ജിയുടെ നിരീക്ഷണം. ട്രംപും മക്കളായ എറിക്കും ഡോണ്‍ ജൂനിയറും വര്‍ഷങ്ങളായി ട്രംപ് ഓര്‍ഗനൈസേഷന്റെ റിയല്‍ എസ്റ്റേറ്റിന്റെയും സാമ്പത്തിക ആസ്തികളുടെയും മൂല്യം വർധിപ്പിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ജഡ്ജി ആര്‍തര്‍ എന്‍ഗോറോണ്‍ വിലയിരുത്തിയത്.
ട്രംപും അദ്ദേഹത്തിന്റെ രണ്ട് മക്കളും മറ്റ് ട്രംപ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവുകളും തങ്ങളുടെ സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാണിച്ചുവെന്നാണ് ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് ആരോപിച്ചിരുന്നത്. വര്‍ഷങ്ങളായി നികുതി പിരിവുകാരോടും കടം കൊടുക്കുന്നവരോടും ഇന്‍ഷുറര്‍മാരോടും ഇവര്‍ നുണ പറഞ്ഞതായാണ് അവര്‍ ആരോപിച്ചിരിക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന് അനുകൂലമായ ഒരു വിധി നല്‍കി വിചാരണയ്ക്ക് മുമ്പ് കേസ് തള്ളിക്കളയണമെന്ന് ട്രംപിന്റെ അഭിഭാഷകര്‍ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപ് ബാധ്യസ്ഥനാണെന്ന് ആവശ്യപ്പെട്ട് സംഗ്രഹ വിധി വേണമെന്ന് ലെറ്റീഷ്യ ജെയിംസും ആവശ്യപ്പെട്ടിരുന്നു.
ട്രംപ് ഓര്‍ഗനൈസേഷന്റെ ന്യൂയോര്‍ക്ക് പ്രോപ്പര്‍ട്ടികളില്‍ ചിലതിന് അനുവദിച്ച ബിസിനസ് ലൈസന്‍സുകളും ജഡ്ജി റദ്ദാക്കി. നിലവില്‍, 250 മില്യൻ ഡോളര്‍ പിഴയും ട്രംപിന്റെയും മക്കളുടെയും കുടുംബ സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്റെ മാനേജ്മെന്റില്‍ നിന്ന് നീക്കം ചെയ്യാനും ലെറ്റീഷ്യ ജെയിംസ് ആവശ്യപ്പെട്ടിരുന്നു.
എഎഫ്പി റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോണുകളും ഇന്‍ഷുറന്‍സും കൂടുതല്‍ അനുകൂലമായ വ്യവസ്ഥകളില്‍ സുരക്ഷിതമാക്കാനും പരിപാലിക്കാനും ട്രംപും കൂട്ടാളികളും 2011-നും 2021-നും ഇടയില്‍ ഓരോ വര്‍ഷവും ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ‘മൊത്തത്തില്‍ പെരുപ്പിച്ച’ സംഖ്യ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജെയിംസ് അവകാശപ്പെട്ടു.
അവര്‍ ട്രംപ് കമ്പനിയുടെ ആസ്തികളുടെ മൂല്യം കോടിക്കണക്കിന് ഡോളര്‍ അമിതമായി കൂട്ടി. അതിന്റെ ഫലമായി ലഭിച്ച ‘കോടിക്കണക്കിന് ഡോളര്‍ അനധികൃതമായി സമ്പാദിച്ചും ലാഭമുണ്ടാക്കി എന്നും ആരോപണത്തില്‍ പറയുന്നു. പ്രതിവര്‍ഷം 1.9 ബില്യൻ ഡോളറിനും 3.6 ബില്യൻ ഡോളറിനും ഇടയിലാണ് ട്രംപിന്റെ ആസ്തികളുടെ അമിത മൂല്യനിര്‍ണയം എന്ന് ലെറ്റീഷ്യ ജെയിംസ് ആരോപിക്കുന്നു.
114 മില്യൻ ഡോളറിനും 207 മില്യണിനും ഇടയില്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് അമിതമായി വിലയിട്ട സ്വത്തുക്കളില്‍ മാന്‍ഹട്ടനിലെ ട്രംപ് ടവറിലെ ട്രംപിന്റെ അപ്പാര്‍ട്ട്‌മെന്റും ഉള്‍പ്പെടുന്നു. യഥാർഥത്തില്‍ 10,996 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളപ്പോള്‍ 30,000 ചതുരശ്ര അടിയായി പെരുപ്പിച്ചു കാട്ടിയെന്നും പറയുന്നു. ‘ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ പതിറ്റാണ്ടുകളായി സ്വന്തം താമസസ്ഥലം തെറ്റായി അളന്നത് വഞ്ചനയായി മാത്രമേ കണക്കാക്കൂ എന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
2024ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാർഥിത്വത്തിന്റെ മുന്‍നിരക്കാരനായ ട്രംപ്, ഈ കേസിനെ ‘വേട്ടയാടല്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഡെമോക്രാറ്റും കറുത്തവര്‍ഗ്ഗക്കാരനുമായ ലെറ്റീഷ്യ ജെയിംസിനെ അദ്ദേഹം വംശീയവാദി’ എന്നും വിശേഷിപ്പിച്ചു. ജനുവരിയില്‍, ക്രിമിനല്‍ നികുതി, സാമ്പത്തിക തട്ടിപ്പ് കേസില്‍ ട്രംപ് ഓര്‍ഗനൈസേഷന് ന്യൂയോര്‍ക്ക് ജഡ്ജി 1.6 മില്യൻ ഡോളര്‍ പിഴ ചുമത്തിയിരുന്നു. രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട 77 കാരനായ ട്രംപ്, 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചതിനും രഹസ്യ രേഖകള്‍ തെറ്റായി കൈകാര്യം ചെയ്തതിനും ഗൂഢാലോചന കുറ്റത്തിനും ഫെഡറല്‍ ക്രിമിനല്‍ കുറ്റങ്ങളും നേരിടുന്നുണ്ട്.

Latest News