കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സി ഐ ടി യു നേതാവ് മാപ്പ് പറഞ്ഞു. ഇതോടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സി ഐ ടി യു നേതാവ് അജയൻ മാപ്പ് അപേക്ഷിച്ചു. തുറന്ന കോടതിയിലാണ് അജയൻ മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു.
ബസ് ഉടമയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് നിലവിലുണ്ടെന്നും അതിനാൽ കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാങ്മൂലത്തിലൂടെ അജയൻ ആവശ്യപ്പെട്ടിരുന്നു. മനപ്പൂർവ്വം കോടതി ഉത്തരവ് ധിക്കരിച്ചിട്ടില്ലെന്നും വാഹനം തടഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു കൊടി കുത്തിയ സംഭവത്തിന് പിന്നാലെയാണ് ബസ് ഉടമ രാജ്മോഹനെ ഗ്രാമപഞ്ചായത്ത് അംഗവും സിഐടിയു നേതാവുമായ അജയൻ മർദിച്ചത്.ബസിൽ സി ഐ ടി യു നാട്ടിയ കൊടി തോരണങ്ങൾ രാവിലെ അഴിച്ചു മാറ്റുമ്പോഴാണ് സംഭവം. പോലീസ് കാഴ്ചക്കാരായി നിൽക്കുമ്പോഴാണ് മർദ്ദനമേറ്റതെന്ന് ആരോപണമുണ്ടായിരുന്നു. കൊടിയിൽ തൊട്ടാൽ വീട്ടിൽ കയറി തല്ലുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തിയതായും രാജ്മോഹൻ പരാതിയിൽ പറഞ്ഞിരുന്നു.