ആരോഗ്യവകുപ്പില്‍ കോഴവാങ്ങി നിയമനത്തട്ടിപ്പ്; പരാതി കൈമാറിയത് 11 ദിവസത്തിന് ശേഷം; ആരോഗ്യമന്ത്രിയുടെ ഓഫിസിന് വീഴ്ച

തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ കോഴവാങ്ങി നിയമനത്തട്ടിപ്പ് നടക്കുന്നെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി ഹരിദാസന്‍ നല്‍കിയ പരാതി, മന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസ് പൂര്‍ണമായും പൊലീസിന് കൈമാറിയില്ല. ഇതോടെയാണ് ആരോപണ വിധേയനായ മന്ത്രിയുടെ പി.എ അഖില്‍ മാത്യുവിന്റെ പരാതിയില്‍ കേസെടുക്കാന്‍ സാഹചര്യം ഒരുങ്ങിയത്.

അഖിലിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി ആരോ ഹരിദാസിനെ കബളിപ്പിച്ചെന്നാണ് എഫ്.ഐ.ആറിലെ പരാമര്‍ശം. ഹരിദാസന്റെ മൊഴിയെടുത്തുകൊണ്ട് അന്വേഷണം തുടങ്ങാന്‍ പൊലീസ് തീരുമാനിച്ചു. ഈ മാസം 13നാണ് തട്ടിപ്പിന് ഇരയായെന്ന് ആരോപിച്ച് ഹരിദാസന്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുന്നത്. ആ പരാതിയില്‍ പത്തനംതിട്ടയിലെ സി.ഐ.ടി.യു മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ്, മന്ത്രിയുടെ പി.എ അഖില്‍ മാത്യു എന്നിവരെയാണ് പ്രതിയായി ആരോപിക്കുന്നത്.

ഗുരുതര ആരോപണമുള്ള പരാതി ഉടന്‍ തന്നെ പൊലീസിന് കൈമാറണമെന്നിരിക്കെ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പിയെ വിവരം അറിയിച്ചത് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം. അത്രയും കാലതാമസം വരുത്തിയിട്ടും ഹരിദാസന്റെ പരാതി അതേപടി കൈമാറാന്‍ മന്ത്രി തയാറായുമില്ല. പകരം ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെയും ജീവനക്കാരുടെയും പേര് ദുരുപയോഗിച്ച് നിയമനതട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അതില്‍ സമഗ്ര അന്വേഷണം വേണമെന്നും കാണിച്ച് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി പ്രത്യേക പരാതി എഴുതി നല്‍കുകയായിരുന്നു.

ഇതിനൊപ്പം ഹരിദാസന്‍ നല്‍കിയ പരാതി കൈമാറുന്നതിന് പകരം, ഹരിദാസന്റെ പരാതിയില്‍ ആരോപണ വിധേയനായ അഖില്‍ മാത്യു എഴുതിയ പുതിയ പരാതിയും ഡി.ജി.പിക്ക് നല്‍കി. ഇതോടെയാണ് ഹരിദാസന്റെ പരാതിയില്‍ കേസ് ഇല്ലാതാവുകയും അഖില്‍ മാത്യുവിന്റെ പരാതിയില്‍ കേസുണ്ടാവുകയും ചെയ്തത്. 

നബിദിന പരിപാടി; നിപ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് ലീഗ്; കളക്ടര്‍ക്ക് നിവേദനം നല്‍കി

അഖിലിന്റെ പരാതിയിലെടുത്ത കേസാകട്ടെ വളരെ ദുര്‍ബലവുമാണ്. അഖിലിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പണം കൈപ്പറ്റാനായി ആരോ ഹരിദാസനെ കബളിപ്പിച്ചെന്ന് മാത്രമാണ് എഫ്.ഐ.ആറിലെ പരാമര്‍ശം. തട്ടിപ്പുകാരനെന്ന് സി.പി.എം തന്നെ പറയുന്ന അഖില്‍ സജീവിനേക്കുറിച്ചോ ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇമെയില്‍ തയാറാക്കിയതിനേക്കുറിച്ചോ പരാമര്‍ശമില്ല. ഇതോടെ പ്രധാനമായും സംശയമുനയില്‍ നില്‍ക്കുന്ന സി.ഐ.ടി.യു മുന്‍ ഓഫീസ് സെക്രട്ടറിക്ക് ഒളിവില്‍പോകാനടക്കം അവസരം ഒരുങ്ങുകയും ചെയ്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം