പുൽപ്പള്ളി: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പാതട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി ഇ.ഡി അറസ്റ്റിൽ. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ, കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇഡിയുടെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ അടുത്ത മൂന്ന് ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയിൽ വിട്ടു.
സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പിനിരയായ രാജേന്ദ്രൻ നായർ മരിച്ചതിന് പിന്നാലെ ഒളിവിൽ പോയ സജീവനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ്, വിജിലൻസ് കേസുകളിൽ പ്രതിയാണ് സജീവൻ. രാജേന്ദ്രൻ നായരുടെ ആത്മഹത്യാക്കുറിപ്പിലും സജീവന്റെ പേരുണ്ട്.
വായ്പാതട്ടിപ്പിനിരയായ പറമ്പോക്കാട്ട് ഡാനിയലിന്റെ പരാതിയിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ അബ്രഹാം, മുൻ സെക്രട്ടറി കെ.ടി രമാദേവി, ബാങ്ക് മുൻ ഡയറക്ടറും കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം പ്രസിഡന്റുമായ വി.എം പൗലോസ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവർ റിമാൻഡിലാണ്.
ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ. തുച്ഛമായ വിലയുള്ള ഭൂമിയ്ക്ക് ബിനാമി വായ്പകൾ അനുവദിച്ച് കോടികൾ തട്ടിയ കേസിൽ കോൺഗ്രസ് നേതാവും കെപിസിസി മുൻ ഭാരവാഹിയുമായ കെകെ എബ്രഹാമാണ് ഒന്നാം പ്രതി.
ബാങ്കിൽ നിന്ന് 80000 രൂപ മാത്രം വായ്പയെടുത്ത പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രൻ നായർ ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് വിജിലൻസ് സംഘം എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. 80000 രൂപ മാത്രം വായ്പയെടുത്ത രാജേന്ദ്രൻ നായരുടെ പേരിൽ തട്ടിപ്പുകാർ 25 ലക്ഷം രൂപയുടെ ലോൺ എടുത്തെന്ന് വരുത്തിത്തീർത്തിരുന്നു. മരിക്കുമ്പോൾ പുൽപ്പള്ളി സഹകരണ ബാങ്കിൽ 40 ലക്ഷം രൂപ വായ്പാ കുടിശികയായിരുന്നു രാജേന്ദ്രൻ നായർക്ക് ഉണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















