തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ ദീർഘകാലം അംഗീകാരം നൽകാതെ പിടിച്ചുവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലിന്റെ സേവനം അതിനായി തേടും. ഫാലി എസ് നരിമാന്റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ പാസാക്കുന്ന ബില്ലുകൾ ദീർഘകാലം അംഗീകാരം നൽകാതെ ഗവർണർ പിടിച്ചുവയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നു എന്നു തോന്നിയാൽ ആ വികാരത്തെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണർ ഒപ്പിടേണ്ട 8 ബില്ലുകൾ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായി .
പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ നിയമ നിർമ്മാണം നിയമസഭകളുടെ ചുമതലയാണ്. ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ബില്ലുകളിൽ വിശദീകരണം ഗവർണറെ സന്ദർശിച്ച് മന്ത്രിമാരടക്കം നൽകിയതാണ്. എന്നിട്ടും തീരുമാനമായില്ല.
വൈസ് ചാൻസലർ നിയമനമടക്കം സ്തംഭനാവസ്ഥയിലാണ്. പൊതുജനാരോഗ്യ ബില്ലിലും ഒപ്പിട്ടിട്ടില്ല. ബില്ലുകൾ പിടിച്ചുവെക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാവില്ല. ബില്ലുകൾ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതാണ്. നിയമപരമായ മാർഗങ്ങൾ തേടുകയല്ലാതെ മറ്റൊന്നും സർക്കാരിന് ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















