തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന എം.വി. ഗോവിന്ദന്റെ പരാമർശത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഡിഎഫ് സ്ഥിരമായി ജയിക്കുന്ന മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് എം.വി.ഗോവിന്ദൻ പറയാൻ പാടില്ലായിരുന്നുവെന്നും അതു തെറ്റായ പ്രതികരണമായിരുന്നുവെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാണിച്ചു. സിപിഐ സംസ്ഥാന കൗൺസില്‍ യോഗത്തിലാണു വിമർശനം.
അര നൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്ന സ്ഥലത്തെ തെരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ഗോവിന്ദന് മാത്രമേ പറയാനാകുവെന്നും കാനം പറഞ്ഞു.
പ്രതിരോധിക്കാൻ കഴിയാത്തവിധം ജനവികാരം സർക്കാരിന് എതിരാണെന്നും ഇക്കാര്യത്തിൽ മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും കൗൺസിൽ യോഗത്തിൽ അഭിപ്രായം ഉയർന്നു.
കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുന്ന തൃശൂർ സീറ്റിലെ വിജയസാധ്യതകളെ ബാധിക്കുമെന്നും സിപിഐ വിമർശിച്ചു.
പുതുപ്പള്ളിയിൽ സഹതാപ തരംഗം മാത്രമല്ല, സർക്കാരിനെതിരായ വികാരവും ഉണ്ടായി. ഇതു തിരിച്ചറിഞ്ഞ് തിരുത്തണം. മുൻകാലങ്ങളിൽ സർക്കാരിലെ തിരുത്തൽശക്തി ആയിരുന്നു സിപിഐ. എന്നാൽ, തെറ്റായ പ്രവണതകൾ ഉണ്ടായിട്ടും ഇപ്പോൾ തിരുത്താൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















