വാട്സ്ആപ്പിൽ പുത്തൻ അപ്ഡേറ്റുമായി മാതൃകമ്പനിയായ മെറ്റ. ടെലഗ്രാമിലേയും ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്‌കാസ്റ്റിംഗ് ചാനലുകൾക്കും സമാനമായ ചാനൽ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവെക്കാൻ കഴിയുന്ന സംവിധാനമാണ് വാട്‌സ്ആപ്പ് ചാനൽ. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളിൽ നിലവിൽ പുതിയ ഫീച്ചർ ലഭ്യമാണ്.
അഡ്മിന് മാത്രം മെസേജ് അയക്കാൻ കഴിയുന്ന തരത്തിലുള്ള വൺവേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് മെറ്റ നിലവിൽ അവരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകൾ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകൾ അറിയാനും ചാനൽ സംവിധാനത്തിലൂടെ സാധിക്കും. ഏറ്റവും പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് ചാനൽ സൗകര്യം ലഭ്യമാവുക. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാണ്.
വാട്സ്ആപ്പ് സ്‌ക്രീനിന്റെ താഴെ ലഭ്യമായ അപ്ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുമ്പോൾ ചാനലുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്‌താൽ ഒരു ചാനൽ പിന്തുടരാൻ സാധിക്കും. ഇൻവൈറ്റ് ലിങ്ക് മുഖേനയോ വാട്‌സാപ്പിൽ തന്നെ തെരഞ്ഞ് കണ്ടുപിടിച്ചോ ഉപഭോക്താക്കൾക്ക് ചാനൽ പിന്തുടരാം. ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാൻ കഴിയുക. യൂസർമാർക്ക് ചാനൽ പിന്തുടരാനും അപ്ഡേറ്റുകൾ അറിയാനും ഇതിലൂടെ കഴിയും. വാട്സ്ആപ്പിനെ ഒരു പ്രൈവറ്റ് ബ്രോഡ്‌കാസ്റ്റ് മെസ്സേജിങ് പ്രൊഡക്‌ട് ആക്കി മാറ്റാൻ പുതിയ ചാനൽ സേവനത്തിന് കഴിയുമെന്നാണ് മെറ്റ പറയുന്നത്. അതേസമയം ചാനലിൽ പങ്കാളിയാകുന്നവനരുടെ പ്രൊഫൈൽ അഡ്‌മിന് മാത്രമായിരിക്കും കാണാൻ കഴിയുക. ചാനലിൽ ഉള്ള മറ്റംഗങ്ങൾക്ക് മറ്റുള്ളവരുടെ ഫോൺ നമ്പറോ പ്രൊഫൈലോ കാണാൻ കഴിയില്ല.
ചാനലിൽ അയക്കുന്ന സന്ദേശങ്ങൾക്ക് 30 ദിവസം മാത്രമേ കാണാൻ കഴിയു. അതിന് ശേഷം അവ നീക്കം ചെയ്യപ്പെടും. ഒരു ചാനൽ ഫോളോ ചെയ്യുന്നത് നിർത്തണമെങ്കിൽ, ഏത് സമയത്തും മ്യൂട്ട് ചെയ്യുകയോ അൺസബ്‌സ്‌ക്രൈബ് ചെയ്യുകയോ ചെയ്യാവുന്നതുമാണ്. ഇന്ത്യയിലെ പ്രമുഖ താരങ്ങൾ, സ്പോർട്സ് ടീമുകൾ, കലാകാരൻമാർ, നേതാക്കൾ, സ്ഥാപനങ്ങൾ തുടങ്ങി പലരും ഇതിനോടകം തന്നെ വാട്സ്ആപ്പ് ചാനലിൽ എത്തിക്കഴിഞ്ഞു. സിനിമാതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ചാനൽ തുടങ്ങിയ വിവരം തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമും ചാനൽ തുടങ്ങിയിട്ടുണ്ട്.
മുമ്പും വ്യത്യസ്‌തമായ നിരവധി ഫീച്ചറുകൾ മെറ്റ അവതരിപ്പിച്ചിരുന്നു. അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ കുറച്ചുനാളുകൾക്കു മുമ്പ് മെറ്റ അവതരിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം