മലപ്പുറം : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസ്ലില്‍ പങ്കെടുക്കാനുണ്ടെന്നാണ് വിശദീകരണം. ഇന്ന് രാവിലെ 10.30ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ സഹകരണ ബാങ്കിൽ ഇഡി നടത്തിയ റെയ്ഡ് കഴിഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആണ് അവസാനിച്ചത്. തൃശ്ശൂര്‍ സഹകരണ ബാങ്കിലെ പരിശോധന 17 മണിക്കൂറിലധികം സമയമെടുത്ത് ആണ് പരിശോധന നടത്തിയത്.
തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംകെ കണ്ണനെ വിളിച്ചുവരുത്തി, ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഇഡി റെയ്ഡിന് ശേഷം കണ്ണൻ പ്രതികരിച്ചു.
രണ്ടാം തവണയാണ് കേസില്‍ ഇഡി മൊയ്തീനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. നേരത്തെ എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോര്‍ കെഎ രംഗത്തെത്തിയിരുന്നു. സതീഷ് കുമാറിനായി പിപി കിരണില്‍ നിന്ന് എസി മൊയ്തീന് മൂന്നു കോടി രൂപ വാങ്ങി നല്കി. കരുവന്നൂര്‍ ബാങ്കില്‍ സതീഷ് കുമാറിന് വേണ്ടി ഇടപെട്ടത് എസി മൊയ്തീനാണെന്നും ജിഷോര്‍ വെളിപ്പെടുത്തിയിരുന്നു.
read more നിപ പ്രതിരോധം; കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനം പാടില്ല
അതേസമയം കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഇഡി എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെയ്ഡ് നടത്തിയിരുന്നു. തൃശൂരില്‍ മാത്രം ആറ് ബാങ്കുകളിലും എറണാകുളത്ത് മൂന്നിടത്തും ആണ് ഇഡി പരിശോധന നടന്നത്. കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ ബാങ്കുകളിലും പരിശോധന നടന്നു. തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കില്‍ കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി സതീഷ്കുമാര്‍ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.