തിരുവനന്തപുരം: വാഗമൺ ഗ്ലാസ് ബിഡ്ജിന്റെ എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 500 രൂപയായിരുന്നു നേരത്തെ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശന ഫീസ്. ഇത് 250 രൂപയായി കുറച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് കൂടുതലാണെന്നും ഇത് കുറക്കണമെന്നും ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽമീഡിയയിലൂടെയും നിരവധി പേർ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ഇടുക്കി ജില്ലാ കലക്ടർക്ക് മന്ത്രി നിർദേശം നൽകുകയും ചെയ്തു. തുടർന്നാണ് ഫീസ് കുറക്കാൻ തീരുമാനിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
വാഗമണ്ണിലെ കോലാഹലമേട്ടില്‍ നിർമിച്ച ഗ്ലാസ് ബ്രിഡ്ജ് അടുത്തിടെയാണ് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചത്. മൂന്നു കോടി മുടക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗ്ലാസ് ബ്രിഡ്ജിൽനിന്നുള്ള കാഴ്ചകളും ഇനി ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ക്ക് നവ്യാനുഭവമാകും.
വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ ആധുനിക വിസ്മയം ഭാരത് മാത വെന്‍ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ പേരിലുള്ള കിക്കി സ്റ്റാര്‍സും ഡിറ്റിപിസി ഇടുക്കിയും ചേര്‍ന്ന് മൂന്ന് മാസമെടുത്താണ് പൂര്‍ത്തിയാക്കിയത്. 120 അടിയാണ് നീളം. ഒരു തൂണില്‍ നിന്ന് തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് നിര്‍മാണം. ഭൂമിയില്‍ നിന്ന് 150 അടി ഉയരത്തില്‍ ആണ് സ്ഥിതിചെയ്യുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മ്മാണം. ഗ്ലാസ് ബ്രിഡ്ജിന് മുകളിലൂടെ ഒരേസമയം 30 പേര്‍ക്ക് വരെ പ്രവേശിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം