സ്വിറ്റ്സര്‍ലന്‍ഡ്: വനിതാ ഫുട്ബോൾ ലോകകപ്പ് സമ്മാനദാനച്ചടങ്ങിൽ താരത്തെ സമ്മതമില്ലാതെ ചുംബിച്ച സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവെച്ചു. ചുംബന വിവാദത്തിന് പിന്നാലെ റുബിയാലെസിനെ ഫിഫ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. ഞായറാഴ്ച ഒരു ടെലിവിഷൻ ഷോയിലാണ് ലൂയിസ് റൂബിയാലെസ് രാജിക്കാര്യം അറിയിച്ചത്. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് ഫെഡറേഷനെയും അറിയിച്ചിട്ടുണ്ട്.
സിഡ്നിയില്‍ ലോകകപ്പ് സമ്മാനദാനച്ചടങ്ങിനിടെ സ്പെയിനിന്റെ വനിതാ താരം ജെന്നിഫര്‍ ഹെര്‍മോസോയെയാണ് ലൂയിസ് റൂബിയാലെസ് ചുണ്ടില്‍ ചുംബിച്ചത്. ജെന്നിഫറിന്റെ സമ്മതമില്ലാതെയായിരുന്നു റൂബിയാലെസിന്റെ പ്രവൃത്തി. സംഭവം വിവാദമായിട്ടും സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ റൂബിയാലെസ് തയാറായില്ല. ഇതിനുപിന്നാലെയാണ് ഫിഫ അച്ചടക്ക നടപടിയുടെ ഭാഗമായി 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
റുബിയാലെസിനെ ഫുട്ബോളുമായി ബന്ധപ്പെട്ട ദേശീയ, അന്തർദേശീയ തലത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിൽനിന്നും ഫിഫ വിലക്കി. ഫുട്ബോൾ ഫെഡറേഷനോയുമായോ അതിക്രമത്തിനിരയായ സ്പാനിഷ് ഫുട്ബോൾ താരവുമായോ യാതൊരു തരത്തിലും ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് റുബിയാലെസിന് നിർദേശം നൽകിയതായും ഫിഫ വ്യക്തമാക്കി.ഫിഫ പെരുമാറ്റച്ചട്ടത്തിലെ അനുച്ഛേദം 51 അനുസരിച്ചാണ് അച്ചടക്ക സമിതി ചെയർമാൻ ജോർജ് ഇവാൻ പലാസിയോ (കൊളംബിയ) വിലക്ക് തീരുമാനം കൈക്കൊണ്ടതെന്ന് ഫിഫ പ്രസ്താവനയിൽ അറിയിച്ചു.
വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയിൻ കിരീടമുയർത്തിയതിന് പിന്നാലെ ആഹ്ളാദപ്രകടനങ്ങൾക്കിടെയുണ്ടായ സംഭവമാണ് വിവാദങ്ങൾക്കാധാരം. സമ്മാനദാന ചടങ്ങിനിടയിൽ റൂബിയാലെസ് ജെന്നിഫർ ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു. മറ്റ് താരങ്ങളുടെ കവിളിലാണ് ചുംബിച്ചത്. പിന്നാലെ അദ്ദേഹത്തിന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്ന് ഹെർമോസോ ഇൻസ്റ്റാഗ്രാം ലൈവിനിടെ പറയുകയായിരുന്നു. ചുംബനം ഉഭയസമ്മപ്രകാരമുള്ളതായിരുന്നു എന്നാണ് റൂബിയാലെസ് നൽകിയ വിശദീകരണം. ‘സ്നേഹ ചുംബനം’ നൽകാൻ ഹെർമോസോ സമ്മതം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹെർമോസോയ്ക്കും മറ്റുള്ളവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ചുംബിച്ചത് സമ്മതില്ലാതെയാണെന്നും അദ്ദേഹം പ്രസിഡന്റായി തുടരുകയാണെങ്കിൽ താനും ലോകകപ്പ് നേടിയ മുഴുവൻ ടീമും കളിക്കാൻ വിസമ്മതിക്കുന്നതായും ഹെർമോസോ പറഞ്ഞു. ലോകകപ്പ് സമ്മാനവേദിയിലുണ്ടായ തിക്താനുഭവങ്ങൾ വിവരിച്ച് പ്രസ്താവനയും ഹെർമോസോ പങ്കുവച്ചിരുന്നു. താൻ ദുർബലയും അതിക്രമത്തിന് ഇരയാക്കപ്പെട്ടതായി തോന്നുന്നുവെന്ന് ഹെർമോസോ പ്രസ്താവനയിൽ പറഞ്ഞു. ‘സ്നേഹ ചുംബനം’ നൽകാൻ അനുവാദം നൽകിയിട്ടില്ലെന്നും ഹെർമോസോ ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം