പുതുതായി രൂപീകരിച്ച കോൺഗ്രസ് പ്രവർത്തകസമിതിയുടെ ആദ്യ യോഗം തെലങ്കാനയിലെ ഹൈദരാബാദിൽ 16,17 തീയതികളിൽ നടക്കും. 17ലെ യോഗത്തിലേക്ക് പിസിസി പ്രസിഡന്റുമാർ, നിയമസഭാകക്ഷി നേതാക്കൾ എന്നിവർക്കും ക്ഷണമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനും തെലങ്കാനയിലടക്കം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുമുള്ള കോൺഗ്രസിന്റെ ഒരുക്കങ്ങൾക്കു യോഗം രൂപം നൽകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ കക്ഷികളുമായി സീറ്റ് പങ്കുവയ്ക്കുന്നതു സംബന്ധിച്ച് സംസ്ഥാന ഘടകങ്ങളുടെ അഭിപ്രായം ദേശീയ നേതൃത്വം തേടും. പ്രവർത്തകസമിതിയംഗങ്ങളുടെ ചുമതലകൾ യോഗത്തിൽ തീരുമാനിക്കും.
പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ 17നു വൈകിട്ട് ഹൈദരാബാദിൽ പൊതുസമ്മേളനം സംഘടിപ്പിക്കും. തെലങ്കാന തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ 5 വാഗ്ദാനങ്ങൾ അവിടെ പ്രഖ്യാപിക്കും. പിന്നാലെ, അവ ജനങ്ങളിലേക്കെത്തിക്കാൻ പ്രവർത്തകസമിതിയംഗങ്ങൾ, പിസിസി പ്രസിഡന്റുമാർ, നിയമസഭാകക്ഷി നേതാക്കൾ എന്നിവർ 119 നിയമസഭാ മണ്ഡലങ്ങളും സന്ദർശിക്കും. ഓരോ മണ്ഡലത്തിലും ഒരു നേതാവ് വീതം 17നു രാത്രി പാർട്ടി പ്രവർത്തകർക്കൊപ്പം ചെലവഴിക്കും.
Also Read :16 അംഗ തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ച് കോൺഗ്രസ്; സോണിയ, രാഹുൽ, ഖർഗെ സമിതിയിൽ
18നു നേതാക്കൾ വീടുകയറി വോട്ടു ചോദിക്കും. വൈകിട്ട് ഭാരത് ജോഡോ പദയാത്രയും നടത്തും. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിൽ പ്രചാരണം നടത്തുന്ന പതിവു വിട്ടാണു പ്രവർത്തകസമിതിയംഗങ്ങളെ ഉൾപ്പെടെ അണിനിരത്തിയുള്ള പ്രചാരണത്തിനു ദേശീയ നേതൃത്വം തയാറെടുക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം