മുംബൈ: അദാനി ഗ്രൂപ്പിനെതിരെ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ടിന്റെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കേന്ദ്രത്തിനും പ്രധാനമന്ത്രിക്കും എതിരായി കടുത്ത വിമര്‍ശനവുമായി രാഹുല്‍ഗാന്ധി. വെളിപ്പെടുത്തലിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ ജെ.പി.സി. അന്വേഷണമെന്ന ആവശ്യം രാഹുല്‍ഗാന്ധി വീണ്ടും ഉന്നയിച്ചു.
വിദേശ മാധ്യമങ്ങളിൽ ഇന്ന് വന്ന അദാനിയുടെ വാർത്ത അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ ഇന്ത്യയുടെ പ്രതിഛായ മോശമാക്കി. ജെപിസി അന്വേഷണം ഉടൻ പ്രഖ്യാപിക്കണമെന്നും എന്ത് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദാനിക്കെതിരെയുള്ള പത്രവാർത്ത ഉയർത്തിക്കാട്ടിയായിരുന്നു വാർത്താസമ്മേളനത്തിലുള്ള രാഹുലിന്റെ ചോദ്യം.
ആരുടെ പണമാണ് ഇവിടെ ഉപയോഗിക്കുന്നത് എന്നാണ് ആദ്യത്തെ ചോദ്യം. അദാനിയുടേതാണോ അതോ മറ്റാരുടേതെങ്കിലുമാണോ? ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയാണ് ഇതിനുപിന്നിലെ മാസ്റ്റര്‍ മൈന്‍ഡ്. നാസിര്‍ അലി ഷബാന്‍ അലി, ചൈനീസ് പൗരനായ ചാങ് ചുങ് ലിങ് എന്നീ മറ്റുരണ്ടുപേര്‍ കൂടെ ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട്. ഇന്ത്യയുടെ ഏതാണ്ട് എല്ലാ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു കമ്പനിയുടെ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ രണ്ടു വിദേശപൗരന്മാര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
‘ജി 20 യോഗത്തിനെത്തുന്ന നേതാക്കൾ ചോദ്യങ്ങൾ ഉന്നയിക്കും. എന്ത് കൊണ്ടാണ് അദാനിക്ക് മാത്രം ഈ സംരക്ഷണം എന്ന ചോദ്യം ഉയരും. വിനോദ് അദാനിയുടെ പങ്കാളി ചൈനീസ് പൗരനാണ്. ഇന്ത്യയുടെ താൽപര്യം ആണ് പ്രധാനമെന്ന് പറയുമ്പോൾ ചൈനക്കാരന്റെ പങ്ക് എന്താണ്?.അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയ സെബി ചെയർമാനെ എൻഡിടിവിയിൽ നിയമിച്ചു. അദാനിക്കെതിരെ അന്വേഷണം നടത്തിയ ആൾ ഇന്ന് അദാനിയുടെ തൊഴിലാളിയാണ്. ഒരു അന്വേഷണവും നടന്നില്ലെന്ന് വേണം മനസിലാക്കാൻ. പ്രധാനമന്ത്രിയുടെ അദാനി ബന്ധമാണ് അന്താരാഷ്ട്ര തലത്തിലടക്കം ചർച്ചയാവുന്നത്. പ്രധാനമന്ത്രി പദത്തിന് പോലും നാണക്കേടുണ്ടാക്കി ഒരാൾക്ക് മാത്രം എങ്ങനെയാണ് വൻകിട കരാറുകൾ ലഭിക്കുന്നത് ? രാജ്യത്തിന്റെ സ്വത്തുക്കൾ ഒരാളിൽ മാത്രം എങ്ങനെയാണ് സ്വന്തമാവുന്നത്.? ഓഹരിവില കൂട്ടാൻ എങ്ങനെയാണ് ഇത്രയും കോടി പണം അദാനിക്ക് കിട്ടിയത്?’-രാഹുൽ ഗാന്ധി ചോദിച്ചു.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ നേരത്തെ സെബി അന്വേഷിച്ചെങ്കിലും ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തോ ഗുരുതരപ്രശ്‌നമുണ്ടെന്ന് ഇതില്‍നിന്ന് തന്നെ വ്യക്തമാണ്. അന്വേഷണം നടത്തിയ വ്യക്തി ഇപ്പോള്‍ അദാനിയുടെ ജോലിക്കാരനാണ്. കൃത്യമായ അന്വേഷണം നടന്നില്ലെന്നത് ഇതില്‍നിന്ന് തന്നെ വ്യക്തമാണ്. ജി20 യോഗം നടക്കാനിരിക്കെ വെളിപ്പെടുത്തല്‍ വളരെ ഗൗരവതരവമുള്ളതാണ്. അത് ഇന്ത്യയുടെ കീര്‍ത്തിയെ തന്നെ ബാധിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം കമ്പനികളിൽ രഹസ്യമായി അദാനി തന്നെ നിക്ഷേപം നടത്തിയെന്നാണ് ഒസിസിആർപി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. നിഴൽ കമ്പനികൾ വഴി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
അദാനി കുടുംബവുമായി അടുത്ത ബന്ധമുള്ള നാസെര്‍ അലി ഷെഹ്ബാന്‍ ആഹ്ലി, ചാങ് ചുങ്-ലിങ് എന്നിവരുടെ കമ്പനികള്‍ വഴി 2013-2018 കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. കൃത്രിമം കാണിച്ച് ഓഹരി വില ഉയര്‍ത്താന്‍ ഈ നിക്ഷേപങ്ങളിലൂടെ അദാനി ഗ്രൂപ്പ് നീക്കം നടത്തിയെന്ന് ഒസിസിആര്‍പി പറയുന്നു.
ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങൾക്കെതിരായ ആരോപണമെന്നും ഗ്രൂപ്പ് പ്രതികരിച്ചു. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനാണ് ശ്രമമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം