കഴിഞ്ഞ ദിവസമാണ് എട്ടു വയസുള്ള വിദ്യാർത്ഥിയെ അധ്യാപിക മറ്റ് വിദ്യാർത്ഥികളെ വെച്ച് മുഖത്തടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. ത്രിപ്ത ത്യാഗി എന്ന അധ്യാപിക എട്ട് വയസുകാരനായ വിദ്യാർത്ഥിയെ ക്ലാസിൽ എണീറ്റ് നിർത്തിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളോട് മുഖത്ത് അടിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.
അധ്യാപികയുടെ നിർദേശപ്രകാരം മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്ത് ഓരോരുത്തരായി വന്ന് അടിക്കുന്നതും, കൂട്ടുകാരനെ അടിക്കുമ്പോൾ മനസുനൊന്ത വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചു ഭയപ്പെടുത്തുന്നതും വീഡിയോയിൽ കാണാം
സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ കുട്ടിയുടെ പിതാവ് ഇർഷാദ് പ്രതികരിച്ചിരുന്നു.
അധ്യാപിക അവരുടെ തെറ്റുകൾ അംഗീകരിച്ച് മാപ്പ് പറഞ്ഞെങ്കിലും തന്റെ മകനെ മറ്റൊരു സ്കൂളിലേക്ക് മാറ്റിച്ചേർക്കുകയാണെന്നും ഇർഷാദ് പറഞ്ഞു.
സംഭവത്തെ കുറിച്ച് മർദ്ദനം ഏറ്റ വിദ്യാർത്ഥിയുടെ അമ്മയുടെ പ്രതികരണം ആണിപ്പോൾ പുറത്ത് വരുന്നത്
തന്റെ മകൻ കരഞ്ഞുകൊണ്ടാണ് സ്കൂളിൽ നിന്നും വീട്ടിലേക്ക് വന്നതെന്ന് യു.പിയിൽ അധ്യാപികയുടെ ക്രൂര മർദനത്തിനിരയായ മുസ്ലിം വിദ്യാർത്ഥിയുടെ മാതാവ്. അവൻ മാനസികമായി തകർന്നുവെന്നും കുട്ടികളോട് ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും മാതാവായ റുബീന അൽ ജസീറയോട് പറഞ്ഞു.
വിദ്യാർത്ഥികളെ സഹപാഠികളെ വെച്ച് മർദിക്കുന്ന ശീലം അധ്യാപികയ്ക്കുണ്ടെന്ന് റുബീന കൂട്ടിച്ചേർത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പാഠഭാഗങ്ങൾ മറന്നു പോയതിന്റെ ഭാഗമായി തന്റെ കുടുംബത്തിലെ മറ്റൊരു കുട്ടിക്കും സമാന അവസ്ഥയുണ്ടായിട്ടുണ്ടെന്നും അവർ പറയുന്നു.
ഓരോ വിദ്യാർത്ഥികളോടായി തന്റെ മകന്റെ മുഖത്തടിക്കാനാണ് അധ്യാപിക ആജ്ഞാപിച്ചതെന്ന് പിതാവ് മുഹമ്മദ് ഇർഷാദ് കൂട്ടിച്ചേർത്തു.
‘എന്റെ മകൻ പാഠഭാഗങ്ങൾ ഓർത്തുവെക്കാത്തതു കൊണ്ടാണ് മർദിച്ചതെന്നാണ് അധ്യാപിക പറയുന്ന ന്യായം. എന്നാൽ മകൻ പഠനത്തിൽ മിടുക്കനാണ്. അവൻ ട്യൂഷനും പോകുന്നുണ്ട്. എന്തിനാണ് ടീച്ചർ ഇത്തരത്തിൽ പെരുമാറിയതെന്ന് മനസിലാകുന്നില്ല. ടീച്ചറിന്റെ ഉള്ളിൽ വിദ്വേഷമുണ്ടെന്ന് തോന്നുന്നു,’ ഇർഷാദ് പറഞ്ഞു.
രാജ്യത്ത് മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന വെറുപ്പിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വിദ്യാർത്ഥികളോട് ഇത്തരത്തിൽ പെരുമാറില്ലെന്ന് അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ മകൻ വളരേണ്ടതും പഠിക്കേണ്ടതുമായ അന്തരീക്ഷം ഇതല്ല,’ അവർ പറയുന്നു.
വെറുപ്പും ശത്രുതയും സാധാരണയായ ഒരു സമൂഹത്തിലാണ് ഈ തലമുറ വളരുന്നതെന്ന് മദറിങ് എ മുസ്ലിം എന്ന പുസ്തകത്തിന്റെ രചയിതാവായ നാസിയ ഇറും അഭിപ്രായപ്പെട്ടു.
അക്രമത്തിനിരയായി കുട്ടി മുസ്ലിം മത വിഭാഗത്തിൽപ്പെട്ട ക്ലാസിലെ ഏക വിദ്യാർത്ഥിയാണെന്നാണ് റിപ്പോർട്ടുകൾ. താൻ എല്ലാ മുസ്ലിം കുട്ടികളെയും അടിക്കുമെന്ന് അധ്യാപിക പറയുന്നതും പുറത്തുവന്ന വീഡിയോയിൽ കേൾക്കാം. വീഡിയോ പകർത്തിയയാൾ സംഭവത്തിൽ ആനന്ദിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
അതേസമയം വീഡിയോ ഷെയർ ചെയ്യരുതെന്ന് സമൂഹ മാധ്യമ ഉപയോക്താക്കളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നാലെ വിവിധ അക്കൗണ്ടുകളിൽ നിന്ന് ഈ വീഡിയോ നീക്കം ചെയ്തു. കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, കോടതിയും പൊലീസ് സ്റ്റേഷനും കയറിയിറങ്ങിയാൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും അതുകൊണ്ട് പരാതി നൽകില്ലെന്ന് ഇർഷാദ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















