പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

മോസ്കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രവചനം ഫലിച്ചു. റഷ്യന്‍ കൂലിപ്പട്ടാളത്തലവന്‍ യിവെജ്നി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. വാഗ്നര്‍ ഗ്രൂപ്പ് മേധാവി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിവരം. പ്രിഗോഷിന്‍ ഉള്‍പ്പെടെ പത്തു പേരാണ് വിമാനാപകടത്തില്‍ മരിച്ചത്.

കലാപ ശ്രമത്തിനു ശേഷം പ്രിഗോഷിനു റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ മാപ്പ് കൊടുത്തെങ്കിലും, പ്രിഗോഷിന്‍ ഇനി അധിക കാലം ജീവിച്ചിരിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ തുറന്നടിച്ചിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്‍റെ പ്രവചനം സത്യമാകുകയും ചെയ്തു. പ്രിഗോഷിന്‍ അടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീഴുന്നതിന്‍റേതെന്നു കരുതപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

also read.. സൂയസ് കനാലില്‍ വീണ്ടും ഗതാഗത തടസം

യുക്രെയ്നില്‍ റഷ്യ നടത്തിയ കടന്നാക്രമണങ്ങളില്‍ സുപ്രധാന പങ്കാണ് വാഗ്നര്‍ ഗ്രൂപ്പ് വഹിച്ചിരുന്നത്. സൈന്യത്തിനു നേരിട്ടു ചെയ്യാന്‍ ബുദ്ധിമുട്ടുള്ള, ഏറ്റവും മനുഷ്യരഹിതമായ പല നടപടികള്‍ക്കും ഈ കൂലിപ്പട്ടാളത്തെയാണ് റഷ്യ ആശ്രയിച്ചിരുന്നത്. എന്നാല്‍, വാഗ്നര്‍ ഗ്രൂപ്പിനെ ഔദ്യോഗികമായി റഷ്യന്‍ സൈന്യത്തിന്‍റെ ഭാഗമാക്കാന്‍ നീക്കം തുടങ്ങിയതോടെ റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമായും സൈനിക നേതൃത്വവുമായും പ്രിഗോഷിനുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായി. ഇതിന്‍റെ മൂര്‍ധന്യത്തിലാണ് തന്‍റെ ക്വട്ടേഷന്‍ സംഘവുമായി പ്രിഗോഷിന്‍ റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലേക്കു മാര്‍ച്ച് നടത്തുന്നത്. ഇവരെ തടയാന്‍ റഷ്യന്‍ സൈന്യത്തിനു പോലും സാധിച്ചിരുന്നില്ല.

ഒടുവില്‍, പുടിന്‍റെ അടുത്ത സുഹൃത്തായ ബലാറസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെങ്കോ മുന്‍കൈയെടുത്തു നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ പ്രിഗോഷിനെയും കൂട്ടരെയും പിന്തിരിപ്പിക്കുകയായിരുന്നു. വാഗ്നര്‍ ഗ്രൂപ്പ് പിരിച്ചുവിടണമെന്നും, പ്രിഗോഷിന്‍ റഷ്യ വിട്ട് ബലാറസിലേക്കു മാറണമെന്നുമായിരുന്നു ധാരണ. പകരം, കലാപ ശ്രമത്തിനു മാപ്പു നല്‍കുമെന്നു റഷ്യന്‍ സര്‍ക്കാരും സമ്മതിച്ചിരുന്നു.

ഇതെത്തുടര്‍ന്ന് പ്രിഗോഷിന്‍ തന്‍റെ ആസ്ഥാനം ബലാറസിലേക്കു മാറ്റിയെങ്കിലും ഇടയ്ക്കിടെ റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ വന്നുപോയിരുന്നു. പിരിച്ചുവിട്ട വാഗ്നര്‍ ഗ്രൂപ്പ് ബലാറസില്‍ പുനഃസംഘടിപ്പിച്ച് സൈനിക അഭ്യാസങ്ങള്‍ നടത്തിവന്നത് കിഴക്കന്‍ യൂറോപ്പിലെ അയല്‍രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നതിനിടെയാണ് പ്രിഗോഷിന്‍റെ അപ്രതീക്ഷിതമല്ലാത്ത മരണം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News