ധോണി: കലുങ്കു നിർമാണത്തിലെ അശാസ്ത്രീയത കാരണം ധോണി പാടശേഖരത്തിലെ വിളയിറക്കവും ജലവിതരണവും പ്രതിസന്ധിയിൽ. പെരുന്തുരുത്തിക്കളത്തിൽ നെൽപാടത്തിന്റെ നിരപ്പിൽ നിന്ന് 2 അടിയിലേറെ താഴ്ചയിലാണ് റോഡിനു കുറുകെ കലുങ്കു നിർമിച്ചിട്ടുള്ളതെന്നു കർഷകർ പറഞ്ഞു.
also read.. ലഹരി കടത്തിലെ മുഖ്യകണ്ണി ഉൾപ്പെടെ 2പേർ അറസ്റ്റിൽ
ഇതേത്തുടർന്ന് റോഡിന്റെ മറുവശത്തുള്ള പാടങ്ങളിലേക്കു വേണ്ടത്ര ജലം എത്താത്ത സാഹചര്യമുണ്ട്. ധോണി മലയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണു പാടശേഖരത്തിലെ കൃഷി. റോഡിനു മുകളിലൂടെയുള്ള ശുദ്ധജല വിതരണ പൈപ്പ് ലൈൻ പോലും മാറ്റി സ്ഥാപിക്കാതെയാണ് കലുങ്ക് വീതി കൂട്ടി പുനർ നിർമിച്ചിട്ടുള്ളത്. ഇതോടെ പൈപ്പ് ലൈൻ റോഡിന്റെ മധ്യത്തിലായി. ഇതു ചോർന്നു ശുദ്ധജലം പാഴാകുന്നുണ്ട്.
പാടനിരപ്പിനെക്കാൾ താഴ്ചയിൽ കലുങ്കു നിർമിച്ചതിനാൽ ഈ ഭാഗത്തു മണ്ണും മണലും നിറച്ച ചാക്കു നിരത്തി വെള്ളം കെട്ടിനിർത്തണം. എന്നാൽ മാത്രമേ കൃഷിയിറക്കാനാകൂ. ഈ രീതിയിൽ കലുങ്ക് അടച്ചാൽ താഴെയുള്ള പാടങ്ങളിലേക്കു വേണ്ടത്ര വെള്ളം കിട്ടാത്ത സ്ഥിതിയുണ്ടാകും.
ധോണി പാടശേഖരത്തിൽ അൻപതിലധികം കൃഷിക്കാർക്കായി 60 ഹെക്ടറിലേറെ നെൽക്കൃഷിയുണ്ട്. ഡാമിൽ നിന്നുള്ള ജലസേചന സൗകര്യം ഇല്ലാത്തതിനാൽ ധോണി മലയിൽ നിന്ന് ഒലിച്ചെത്തുന്ന വെള്ളത്തെ ആശ്രയിച്ചാണു കൃഷിയിറക്കം. ഇതിനായി 3 ചെക്ഡാമുകൾ ഉണ്ട്. കാട്ടാനശല്യം രൂക്ഷമായ പ്രദേശം കൂടിയാണിത്. ഇവിടെ വർഷത്തിൽ ഒരു വിള മാത്രമാണ് ഇറക്കുക. ഇതാണു കൃഷിക്കാരുടെ വരുമാനവും.
പിഡബ്ല്യുഡിയുടെ നേതത്വത്തിലുള്ള കലുങ്കു നിർമാണത്തിലെ അശാസ്ത്രീയത വിജിലൻസ് അന്വേഷിക്കണമെന്നു കൃഷിക്കാർ ആവശ്യയപ്പെട്ടു. ജില്ലാ കലക്ടർക്കും പരാതി നൽകുമെന്നു കർഷകർ പറഞ്ഞു. കലുങ്കു നിർമാണം സംബന്ധിച്ചു വിവാദവും ഉയർന്നിട്ടുണ്ട്. പ്രവൃത്തി സമയത്തു തന്നെ നിർമാണത്തിലെ അപാകത ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും അധികൃതർ പരിഗണിച്ചില്ലെന്നാണു പരാതി.
കൃഷിക്കാർ ആരോപണം ഉന്നയിച്ചതോടെ പരാതി ഒതുക്കിത്തീർക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. അകത്തേത്തറ പഞ്ചായത്ത് അധികൃതർ സ്ഥലത്തു പരിശോധന നടത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം